അപമാനവും വ്യക്തിഹത്യയും; കോൺഗ്രസ് വക്താവ് രോഹൻ ഗുപ്ത പാർട്ടി വിട്ടു

കോൺഗ്രസിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. ഗുജറാത്തിൽനിന്നുള്ള ദേശീയ വക്താവ് രോഹൻ ഗുപ്ത പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. നിരന്തരമായ അപമാനവും വ്യക്തിഹത്യയും കാരണമാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായി രോഹനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിതാവിന്റെ അനാരോഗ്യം കണക്കിലെടുത്ത് തിങ്കളാഴ്ച സ്ഥാനാർഥിത്വം ഉപേക്ഷിച്ചു.

പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽനിന്നും ചുമതലകളിൽനിന്നും രാജിവയ്ക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് എഴുതിയ കത്തിൽ രാഹുൽ ഗുപ്ത വ്യക്തമാക്കി. ”കഴിഞ്ഞ രണ്ടു വർഷമായി പാർട്ടിയുടെ മാധ്യമ വിഭാഗവുമായി ബന്ധമുള്ള മുതിർന്ന നേതാവിൽനിന്ന് നിരന്തര അപമാനവും വ്യക്തിഹത്യയും നേരിടുന്നതായി താങ്കളെ അറിയിക്കുന്നു. മുതിർന്ന നേതാക്കളിൽ പലർക്കും ഇക്കാര്യം അറിയാം. നിലവിൽ ഇത് വ്യക്തിപരമായി എനിക്ക് വലിയ പ്രതിസന്ധിയായതിനാൽ ഈ തീരുമാനം എടുക്കാൻ നിർബന്ധിതനായിരിക്കുന്നു. പാർട്ടിയെ നശിപ്പിക്കുന്നതിലും ഈ നേതാവിന് വലിയ പങ്കുണ്ട്. ഇത്തരം നേതാക്കളെ വച്ചുപൊറുപ്പിക്കരുത്’ ഗുപ്ത കൂട്ടിച്ചേർത്തു.

രാജിക്കത്തിൻറെ പകർപ്പ് രോഹൻ ഗുപ്ത എക്‌സിൽ പങ്കുവച്ചു. മേയ് ഏഴിനാണ് ഗുജറാത്തിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 26 സീറ്റിൽ മുഴുവനും ബിജെപി എംപിമാരാണ് നിലവിലുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *