അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്താതിരിക്കാനുള്ള നിയമപരമായ ഇളവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാധ്യമ പ്രവര്‍ത്തകര്‍ സോഴ്സ് വെളിപ്പെടുത്തണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അഞ്ജനി മഹാജന്‍ വ്യക്തമാക്കി. വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
മുലായം സിങ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ 2009 ഫെബ്രുവരി ഒമ്പതിന് ചില വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. മുലായവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന്റെ തലേന്നായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
എന്നാല്‍ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യാജമാണെന്നും അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ് ഇവ സൃഷ്ടിച്ചതെന്നും ആരോപിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, വാര്‍ത്ത ചാനലുകളോ മാധ്യമ പ്രവര്‍ത്തകരോ ആവശ്യപ്പെട്ടിട്ടും രേഖകളുടെ ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. റിപ്പോര്‍ട്ട് തള്ളിയ കോടതി, അന്വേഷണത്തിന്റെ ഭാഗമായി സോഴ്സ് വെളിപ്പെടുത്താന്‍ മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപെടാമെന്ന് വ്യക്തമാക്കി.