‘അന്നപൂരണി’ സിനിമ വിവാദം; പ്രതികരണവുമായി കോൺഗ്രസ് എം പി കാർത്തി ചിദംബരം, ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കി

നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച അന്നപൂരണി സിനിമയെ സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് എംപി കാർത്തി ചിദംബരം. രാമൻ മാംസാഹാരവും കഴിച്ചിരുന്നതായി പറഞ്ഞ കാർത്തി ചിദംബരം രാമായണത്തിലെ ഭാ​ഗങ്ങൾ പങ്കുവെച്ചാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇഷ്ടഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ അസ്വസ്ഥരാക്കുന്നവർക്ക് സമർപ്പിക്കുന്നു എന്നും കാർത്തി ചിദംബരം കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

അതേ സമയം, മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും കേസെടുത്തു. നെറ്റ്ഫ്ലിക്സിലെ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്. സിനിമയ്ക്കെതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ ‘അന്നപൂരണി’ നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തിരുന്നു.

ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്സും ചേര്‍ന്നാണ്.

ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാന്‍ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി. എന്നാല്‍ സസ്യേതര ഭക്ഷണം പാകം ചെയ്യാന്‍ അവള്‍ ,പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍. ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുന്‍പ് അന്നപൂരണി നിസ്കരിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *