അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സോണിയ ഗാന്ധി. ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപവും പൂർണ്ണമനസ്സോടെ രാജ്യത്തെ സേവിക്കുകയും ചെയ്ത നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസിന് വഴികാട്ടിയായിരുന്നു. അദ്ദേഹത്തിൻ്റെ അനുകമ്പയും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിച്ചു. വഹിച്ച പദവികളിൽ എല്ലാം മികവു പുലർത്തി. തനിക്ക് സുഹൃത്തും തത്വചിന്തകനും വഴികാട്ടിയുമായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ആഴമേറിയതും അചഞ്ചലവുമായിരുന്നു. മൻമോഹൻ സിങിനെപ്പോലെയൊരു നേതാവ് ഉണ്ടായതിൽ കോൺഗ്രസും രാജ്യത്തെ ജനങ്ങളും എന്നെന്നും അഭിമാനിക്കുകയും നന്ദി പറയുകയും ചെയ്യുന്നുവെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

വൈകാരികമായാണ് ഡോക്ടർ മൻമോഹൻ സിങിനെ അദ്ദേഹത്തോട് ഏറെ അടുപ്പമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അനുസ്മരിക്കുന്നത്. സഹപ്രവർത്തകരോട് ഇത്രയധികം മാന്യതയും ബഹുമാനവും പുലർത്തിയിരുന്ന മറ്റൊരു പ്രധാനമന്ത്രി ഇല്ലെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ഓർഡിനൻസ് കീറിക്കളഞ്ഞ സംഭവം മൻമോഹൻസിങിനെ ഏറെ വിഷമിപ്പിച്ചിരുന്നെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ആയിരുന്ന പി.ജെ കുര്യനും ഓർത്തെടുത്തു.

അതേസമയം, വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷമായിരിക്കും അദ്ദേഹത്തിന്റെ സംസ്കാരം ശനിയാഴ്ച നടക്കുക. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാവിലെ11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്നലെ രാത്രി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിങ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *