അധീര്‍ രഞ്ജന്‍ ചൗധരിക്ക് മുന്നറിയിപ്പുമായി ഖാർഗെ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്ത്. ഇന്ത്യ സഖ്യത്തില്‍ മമതയെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും, കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ഖാര്‍ഗെ ഇങ്ങനെ പ്രതികരിച്ചത്.

ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലല്ല മത്സരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്ത് ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നുവരുന്നതിനിടെയാണ് ഖാര്‍ഗെയുടെ ഈ പ്രതികരണം. ‘മമത മുന്നണിയുടെ ഭാഗമാണ്. അധീര്‍ രഞജന്‍ ചൗധരി സഖ്യം സംബന്ധിച്ച് തീരുമാനിക്കാന്‍ ആളല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതൃത്വവുമാണ് സഖ്യം തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിരുദ്ധമായി ആരെങ്കിലും നിന്നാല്‍ അവര്‍ പുറത്തുപോകും’ മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിൽ ഖാര്‍ഗെ പറഞ്ഞു.

അതേസമയം ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ തൃണമൂല്‍ സര്‍ക്കാരിലുണ്ടാകുമെന്ന് വ്യക്തമാക്കിയ ഖാര്‍ഗെ ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പുറത്ത്‌ നിന്ന് പിന്തുണച്ചിരുന്നതായും ചൂണ്ടിക്കാട്ടി.

നേരത്തെ അധീര്‍ മമതയ്ക്കും തൃണമൂലിനുമെതിരെ നടത്തിയ പ്രസംഗം വിവാദമായിരുന്നു. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസ്താവനയായിരുന്നു വിവാദത്തിലായത്. ഇതിന്റെ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. എന്നാൽ ഇതിനിടെ മമതയ്‌ക്കെതിരായ തന്റെ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ലെന്ന് അധീര്‍ ചൗധരി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *