‘അത് ആട്ടിറച്ചി, പരിശോധനാഫലം ലഭിച്ചു’; പട്ടിയിറച്ചി വിതരണം ചെയ്തെന്ന ആരോപണം തള്ളി കർണാടക മന്ത്രി

ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്‌തെന്ന ആരോപണം തെറ്റെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. ആട്ടിറച്ചിയാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ നിന്ന് ബെംഗളൂരുവിലേക്ക് വൻതോതിൽ പട്ടിയിറച്ചി കൊണ്ടുവന്നെന്ന് ഏതാനും ഹിന്ദുത്വ പ്രവർത്തകർ ആരോപിച്ചതിന് പിന്നാലെയാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ദുരുദ്ദേശ്യത്തോടെ ഉന്നയിക്കപ്പെട്ട ആരോപണമാണെന്ന് മന്ത്രി വ്യക്തമാക്കിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനിൽ നിന്ന് ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുണ്ടായത്. പട്ടിയിറച്ചി ആരോപണം എന്തടിസ്ഥാനത്തിലാണ് പ്രതിഷേധക്കാർ ഉന്നയിച്ചതെന്ന് വ്യക്തമല്ല. ആട്ടിറച്ചിക്കൊപ്പം പട്ടിയിറച്ചിയും വിൽപനയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ ആക്റ്റിവിസ്റ്റ് പുനീത് കേരേഹള്ളിയുടെ നേതൃത്വത്തിലാണ് ബെംഗളൂരുവിലെ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചത്.

തുടർന്ന് പൊലീസ് സംഘവും കർണാടക എഫ്എസ്എസ്എയിലെ ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന നടത്തി. ട്രെയിനിൽ കൊണ്ടുവന്ന മാംസം കർണാടക ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എ) കമ്മീഷണറേറ്റ് പിടിച്ചെടുത്തു. മാംസത്തിൽ പട്ടിയിറച്ചിയുണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. 90 ബോക്‌സുകളാണ് ഉണ്ടായിരുന്നത്. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. ലാബ് പരിശോധനാ ഫലം ലഭിച്ചെന്നും ആട്ടിറച്ചിയാണെന്ന് പരിശോധനയിൽ തെളിഞ്ഞെന്നും കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി. രാജസ്ഥാനിൽ നിന്ന് ബെംഗളൂരുവിലേക്ക് ആഴ്ചയിൽ ഒരിക്കലോ 15 ദിവസത്തിലൊരിക്കലോ മാംസം കൊണ്ടുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പട്ടിയിറച്ചി ആരോപണം ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *