അതിവേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഇന്ത്യ സഖ്യം; സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും

2024 ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയേക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം നീങ്ങുന്ന സാഹചര്യത്തിൽ നീക്കങ്ങൾ വേഗത്തിലാക്കുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ. സെപ്റ്റംബർ 30നകം പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

അതേസമയം, ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാർജുൻ ഖർഗെ, ശരദ് പവാർ, നിതീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കോൺഗ്രസ്, മുന്നണിയുടെ നേതൃത്വം വഹിക്കണം എന്നാണ് ശിവസേനയും മുസ്ലിം ലീഗും അടക്കമുള്ള പാർട്ടികളുടെ നിലപാട്. മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നരയ്ക്ക് യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നേതാക്കൾ വിശദീകരിക്കും.

അതേസമയം എൻഡിഎ ഘടകകക്ഷികളെ അടർത്തിയെടുത്ത് ‘ഇന്ത്യ’ മുന്നണി ശക്തമാക്കാനുള്ള നീക്കങ്ങളും ഇന്നത്തെ യോഗം ചർച്ച ചെയ്യും. എൻഡിഎയിലും പുറത്തുമുള്ള 9 ചെറുകക്ഷികൾ ഒപ്പം ചേരാൻ താൽപര്യമറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. യുപിയിലെയും അസമിലെയും 3 വീതം കക്ഷികളുണ്ട്. പാർലമെന്റിൽ സാന്നിധ്യമില്ലാത്ത പ്രാദേശിക കക്ഷികളാണെങ്കിലും ഇവയുടെ പിന്തുണ കരുത്തു പകരുമെന്നാണു വിലയിരുത്തൽ.

രണ്ടിലധികം കക്ഷികൾ കൂടി ചേർന്നാൽ മുന്നണിയുടെ അംഗബലം 30 കടക്കും. എൻഡിഎയിൽ 38 കക്ഷികളാണുള്ളത്. നിലവിൽ ഒരുപക്ഷത്തുമില്ലാത്ത വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, അകാലിദൾ എന്നിവ തിരഞ്ഞെടുപ്പിൽ ബിജെപി വീഴുമെന്ന ഘട്ടം വന്നാൽ പിന്തുണ നൽകുമെന്നും ‘ഇന്ത്യ’ മുന്നണി കണക്കുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *