പുതുവത്സര രാവില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടത്തിൽ കൊല്ലപ്പെട്ടത് അമൻ വിഹാർ സ്വദേശിയായ 20 വയസ്സുകാരി അഞ്ജലി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി കാർ ഇടിച്ചുണ്ടായ അപകടത്തിലാണു മരിച്ചത്. ഇടിച്ച കാര്‍ 12 കിലോമീറ്ററോളം അഞ്ജലിയെ വലിച്ചിഴച്ചെന്നും നഗ്നമായ മൃതദേഹമാണു റോഡിൽ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നു കുടുംബം ആരോപിച്ചു. കാറിലുണ്ടായിരുന്ന 5 പേരെ അറസ്റ്റ് ചെയ്തെന്നു പൊലീസ് വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് കലക്‌ഷൻ ഏജന്റ്, ഡ്രൈവർ, റേഷൻ കടയുടമ തുടങ്ങിയവരാണു പ്രതികൾ. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയാണു അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. യുവതിയെ വലിച്ചിഴച്ച് കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌ന മൃതദേഹം കാഞ്ചന്‍വാലയിലാണു കണ്ടെത്തിയത്.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഡൽഹി ലഫ്.ഗവർണർ വി.കെ.സക്‌സേന, അപമാനഭാരത്താൽ തല താഴുന്നതായി ട്വീറ്റ് ചെയ്തു. ”പ്രതികളുടെ രാക്ഷസീയമായ നിർവികാരത ഞെട്ടലുണ്ടാക്കി. കാഞ്ചൻവാല–സുൽത്താൻപുരിയിലെ മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന്റെ അപമാനഭാരത്താൽ എന്റെ തല താഴുകയാണ്. പ്രതികളെ പിടികൂടി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും”– സക്സേന പറഞ്ഞു.