7മാസം പ്രായമുള്ള കുഞ്ഞിനെ പിറ്റ്ബുൾ നായ കടിച്ചുകീറി

7മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വളർത്തു നായ കടിച്ച് കൊന്നു. കുഞ്ഞിനൊപ്പം സ്ഥിര സാന്നിധ്യമായിരുന്ന വലർത്തു നായയുടെ കലിയിലാണ് 7 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചത്. അമേരിക്കയിലെ ഓഹിയോയിലെ ഫ്രാങ്ക്ലിൻ കൌണ്ടിയിലാണ് സംഭവം നടന്നത്. വീട്ടുകാർ ഓമനിച്ച് വളർത്തിയിരുന്ന പിറ്റ്ബുൾ നായയാണ് ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കടിച്ച് കൊല്ലുകയായിരുന്നു. എന്നാൽ നടന്നത് എന്താണെന്ന് വ്യക്തമല്ലെന്ന വീട്ടുകാരുടെ മൊഴിയിൽ സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് ഫ്രാങ്ക്ലിൻ കൌണ്ടി മൃഗസംരക്ഷണ വകുപ്പ്.

മാക്കെൻസി കോപ്ലെ എന്ന യുവതിയാണ് ആകസ്മികമായി തങ്ങൾക്ക് സംഭവിച്ച ദുരന്തത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. ഏപ്രിൽ 9നായിരുന്നു കുഞ്ഞിനെ വളർത്തുനായ ആക്രമിച്ചത്. മാക്കെൻസിയുടെ ഏഴ് മാസം പ്രായമുള്ള എലിസ ടേർണർ എന്ന പെൺകുഞ്ഞാണ് വളർത്തുനായയുടെ ആക്രമണത്തിൽ മരിച്ചത്. എന്താണ് കാരണമെന്ന് മനസിലാകുന്നില്ലെന്നാണ് മാക്കെൻസി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കളിക്കുന്ന നായയുടെ ചിത്രമടക്കമാണ് യുവതിയുടെ കുറിപ്പ്. എല്ലാ ദിവസവും കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ തന്നെയാണ് ഇത്തരമൊരു ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താൻ തകർന്ന അവസ്ഥയിലാണെന്നുമാണ് യുവതി കുറിക്കുന്നത്. മൂന്ന് പിറ്റ്ബുൾ നായകളാണ് ഈ വീട്ടുകാർക്കുള്ളത്. അടുത്തിടെയാണ് ഇവർ തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറിയത്.

നായയെ പ്രകോപിപ്പിച്ചത് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെറിയ കുട്ടികളുള്ള വീടുകളിൽ പിറ്റ്ബുൾ ഇനത്തിലുള്ള നായകളെ അടക്കം സൂക്ഷിക്കുന്നതിലെ അപ്രതീക്ഷിത അപകടം മുന്നോട്ട് വയ്ക്കുന്നതാണ് എലിസയ്ക്ക് സംഭവിച്ചതെന്നാണ് അമ്മയുടെ ഫേസ്ബുക്ക് കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.

Leave a Reply

Your email address will not be published. Required fields are marked *