14 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന; 2 ബോട്ടുകളും പിടിച്ചെടുത്തു

14 തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. ശ്രീലങ്കൻ സമുദ്രാതിർത്തി അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ശ്രീലങ്കയുടെ വടക്കൻ മന്നാർ തീരത്ത് മത്സ്യബന്ധനത്തിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് രണ്ട് മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ശ്രീലങ്കൻ നാവികസേന തമിഴ്‌ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോൺഗ്രസ്, സിപിഎം,ടിഎംസി എംപിമാരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. വിഷയം ലോക്‌സഭയിലും അവതരിപ്പിച്ചിരുന്നു.

ഇത് പ്രാദേശിക വിഷയമല്ലെന്നും ദേശീയ പ്രശ്‌നമാണെന്നും ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു. അവർ തമിഴ്‌ മത്സ്യത്തൊഴിലാളികൾ ആണെങ്കിലും ഇന്ത്യക്കാർ കൂടിയാണ്. വർഷങ്ങളായി അവർ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്. എന്നിട്ടും സർക്കാർ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.

വിഷയം ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പലവട്ടം കത്തെഴുതിയതായി ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ഏകദേശം 97 മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ ജയിലുകളിൽ കഴിയുന്നത്. 210ലേറെ ബോട്ടുകളും അവർ പിടിച്ചെടുത്തു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുത്തേ മതിയാവുകയുള്ളൂവെന്നും കനിമൊഴി ആവശ്യപ്പെട്ടു. ഈ മാസം ആദ്യവും 19 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *