മാൽപെയിൽ കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ബജ്റംഗ്ദൾ-വി.എച്ച്.പി പ്രവർത്തകൻ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെത്തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഭീഷണി വന്നതായി റിപ്പോർട്ട്. മാണ്ഡ്യ സന്ദർശന വേളയിൽ മുഖ്യമന്ത്രി തനിക്ക് ഭീഷണി കോളുകൾ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. ഉത്തരവാദികളായവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സ്പീക്കർ മംഗളൂരു എംഎൽഎ യു.ടി. ഖാദറിന് ലഭിച്ച ഭീഷണി ഫോൺവിളികളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് സിദ്ധരാമയ്യ തനിക്കെതിരായ ഭീഷണി സ്ഥിരീകരിച്ചത്. സുഹാസ് ഷെട്ടിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ. ഹിതേന്ദ്രയെ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊലപാതകത്തിന് പിന്നിലുള്ളവരെ മുഖം നോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. കൊലപാതകം ആസൂത്രിതമാണോ എന്ന ചോദ്യത്തിന് അന്വേഷണത്തിലൂടെ ലക്ഷ്യം വ്യക്തമാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ല. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ആ പാർട്ടി ഇത്തരം ദുരന്തങ്ങളെ ചൂഷണം ചെയ്യുകയാണ്. ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടപ്പോൾ ബി.ജെ.പി മൗനത്തിലായിരുന്നു. പ്രധാനമന്ത്രി സംഭവസ്ഥലത്ത് ഇല്ലാതിരുന്നതും ആക്രമണസമയത്ത് പോലീസ്, സുരക്ഷ സേന സാന്നിധ്യമില്ലായ്മയും വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.