നിഷികാന്ത് ദുബൈയുടെ പ്രസ്താവന ബിജെപി തള്ളി. ചീഫ് ജസ്റ്റിസിന് എതിരായ പ്രസ്താവനയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. നിഷികാന്ത് ദുബെ സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനും എതിരായി നടത്തിയ പ്രസ്താവനയിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്ന് പാർട്ടി പ്രസിഡന്റ് ജെ.പി നദ്ദ പറഞ്ഞു. ഇത് വ്യക്തപരമായ അഭിപ്രായം മാത്രമാണ്. അതിനെ ബി.ജെ.പി അനുകൂലിക്കുകയോ പ്രതികൂലിക്കുകയയോ ചെയ്തിട്ടില്ല. പ്രസ്താവന തള്ളിക്കളയുകയാണെന്നും നദ്ദ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ‘മത സ്പർധ’ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നുൾപ്പെടെയുള്ള ദുബൈയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിഷയത്തിൽ ബിജെപി എംപിയെ കൈവിട്ടിട്ടും ശക്തമായ വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. നിഷികാന്ത് ദുബെയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപി എംപിയുടെ നിലപാട് കോടതിക്ക് എതിരെയുള്ള കലാപാഹ്വാനമാണെന്ന് എഎപി ആരോപിച്ചു. ബിജെപി കോടതിയെ ഭീഷണിപ്പെടുത്തുകയാണ് എന്ന് കോൺഗ്രസും ആരോപിച്ചു.