സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി

ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടിയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്.

ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് നിലവിൽ സാവകാശം അനുവദിച്ചിരിക്കുന്നത്. എല്ലാ രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി.

ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ പരിശോധന തുടരുമെന്നും ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15നകം ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാൻ നിര്‍ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം.

രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന് പരിശോധിക്കണം. കൂടാതെ വാക്‌സീനുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. അതോടൊപ്പം പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിന് രക്തപരിശോധന അടക്കം പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

Leave a Reply

Your email address will not be published. Required fields are marked *