കോണ്‍ഗ്രസ് വിട്ടാലും കേരള രാഷ്ട്രീയത്തില്‍ ശശി തരൂര്‍ അനാഥനാകില്ലെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. തരൂര്‍ ഇത്രകാലം കോണ്‍ഗ്രസില്‍ തുടര്‍ന്നത് അത്ഭുതമാണെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം ശശി തരൂരിന് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് കൂടെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞത്.
‘സത്യം തുറന്നുപറയാന്‍ പറ്റാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെങ്കില്‍ ശശി തരൂര്‍ വേറെ വഴികള്‍ നോക്കുന്നതില്‍ അത്ഭുതമില്ല. കോണ്‍ഗ്രസ് വിട്ടുവെന്നതുകൊണ്ട് അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ അനാഥനാകില്ല. കോണ്‍ഗ്രസില്‍ നിന്നുവന്ന എത്രപേരെയാണ് (സി.പി.എം) സ്വീകരിച്ചിട്ടുള്ളത്. ശശി തരൂര്‍ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കട്ടെ. അദ്ദേഹത്തിന്റെ വായില്‍ ഞങ്ങളുടെ വാക്കുകള്‍ തിരുകി കയറ്റാന്‍ ഞാനില്ല.’ -തോമസ് ഐസക് പറഞ്ഞു.
‘ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ ഒപ്പം നിര്‍ത്തണം. ആരും പാര്‍ട്ടിക്ക് പുറത്ത് പോകാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ കൂടുതലായി സംഭാവന ചെയ്യാന്‍ കഴിയുന്നത് അദ്ദേഹത്തിനാണ്. അങ്ങനെയുള്ള അദ്ദേഹത്തന്റെ കഴിവുകള്‍ പാര്‍ട്ടി പ്രയോജനപ്പെടുത്തണം.’ -എന്നാണ് കെ. മുരളീധരന്‍ പറഞ്ഞത്.