പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി പോലീസ് കസ്റ്റഡിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയാണ് പിടിയിലായിരിക്കുന്നത്. വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത് അക്ഷയ സെന്ററില്‍ വച്ചാണെന്ന വിലയിരുത്തലിലാണ് നിലവിലെ നടപടി.
വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത് താനാണെന്ന് ഇവര്‍ സമ്മതിച്ചതായാണ് പുറത്തു വരുന്ന വിവരം. പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ മറന്നു പോയെന്നും ഇതോടെ വ്യജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കുകയുമായിരുന്നു എന്നാണ് ഇവരുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിക്ക് എതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് നിലവിലെ നടപടി. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാര്‍ഥിക്ക് എതിരെയാണ് കേസ്. പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളില്‍ ആണ് വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി പരീക്ഷയ്ക്ക് എത്തിയത്.
വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയില്‍ ഇതേ റോള്‍ നമ്പറില്‍ തിരുവനന്തപുരത്ത് മറ്റൊരു കുട്ടി പരീക്ഷയെഴുതുന്നതായി കണ്ടെത്തിയതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വ്യാജ ഹാള്‍ ടിക്കറ്റമായി വന്ന വിദ്യാര്‍ത്ഥിയെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നല്‍കിയ വിവരമാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലേക്ക് അന്വേഷണം നീണ്ടത്. ജീവനക്കാരിയിയാണ് ഹാള്‍ടിക്കറ്റ് നല്‍കിയതെന്ന ഇവര്‍ മൊഴി നല്‍കിയത്. തുടര്‍ന്നാണ് അക്ഷയ സെന്റര്‍ ജീവനക്കാരെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.