വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ സിനിമാ നടന്‍ അറസ്റ്റിലായി. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി അനസാണ് പിടിയിലായിരിക്കുന്നത്. കേരള സർവകലാശാല ബി ടെക് സർട്ടിഫിക്കറ്റ് നിർമിച്ച കേസിലാണ് ഇയ്യാളെ അറസ്റ്റ്ചെയ്തിരിക്കുന്നത്. അടൂര്‍ സ്വദേശിയായ പ്രവീണ്‍ എന്നയാള്‍ നോര്‍ക്കയില്‍ അറ്റസ്റ്റേഷന് വേണ്ടി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോഴാണ് വ്യാജമാണെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നോര്‍ക്ക കന്‍റോൺമെന്‍റ് പോലീസിനും കേരള സര്‍വകലാശാലയിലും പരാതി നല്‍കി. കേരള സര്‍വകലാശാല നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് കന്‍റോൺമെന്‍റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രവീണിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ആയൂര്‍ സ്വദേശിയായ റീന എന്ന സ്ത്രീയാണ് തനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നായിരുന്നു പ്രവീണിന്‍റെ മൊഴി. റീനയെ ചോദ്യം ചെയ്തപ്പോഴാണ് അനസാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇന്ന് അനസിനെ അറസ്റ്റ് ചെയ്തത്.