തിരുവനന്തപുരം വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടി നൽകി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ രംഗത്ത്. കേന്ദ്രത്തിന് നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നെന്നും പട്ടിക പരിശോധിച്ച് വേദിയിൽ ഇരിക്കുന്നവരുടെ പേരും പ്രസംഗിക്കുന്നവരുടെ പേരും നിർദേശിക്കുക പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് എന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി, സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, തുറമുഖ മന്ത്രി, മന്ത്രി വി ശിവൻകുട്ടി, ജി ആർ അനിൽ, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ്, ശശി തരൂർ എം പി, ആര്യ രാജേന്ദ്രൻ, ഗൗതം അദാനി തുടങ്ങിയവരുടെ പേരുകളാണ് കേന്ദ്രത്തിന് അയച്ചിരുന്നതെന്നും വി എൻ വാസവൻ പറഞ്ഞു.
പ്രതിപക്ഷം പരിപാടി ആദ്യംതന്നെ ബഹിഷ്കരിച്ചത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് എന്ന വ്യാഖ്യാനമാണ് ആദ്യം വന്നിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ലിസ്റ്റിൽ വിഡി സതീശന്റെ പേര് ഉൾപ്പെടുത്തിയിരുന്നു എന്നാണ് ഇപ്പോൾ വരുന്ന വ്യാഖ്യാനം. കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീൻ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയം വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് കോൺഗ്രസിലെ പൊതുവികാരം. അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ല എന്നാണ് പാർട്ടി വിലയിരുത്തൽ.