നാടിനെ നടുക്കിയ നരബലി കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുക. പത്തനംതിട്ടയിൽ നിന്ന് പ്രതികളുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.
കടവന്ത്രയിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനി പത്മം, തൃശ്ശൂർ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്റ്റംബർ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹങ്ങള്‍ ഡിഎൻഎ പരിശോധനയടക്കം പൂർത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കൾക്ക് വിട്ടു നൽകുക. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
……………
സംഭവത്തിൽ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തല്‍. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ് . 15,000 രൂപ മുഹമ്മദ് ഷാഫി മുൻകൂർ വാങ്ങി.
അതേസമയം റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു ഷാഫി വ്യക്തമാക്കിയില്ല. ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിൽ ആണെന്നും വൈദ്യൻ എന്ന് പ്രൊഫൈലിൽ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നൽകി. ശ്രീദേവി എന്ന പ്രൊഫൈൽ പിന്നീട് നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ഇത് വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങി.
………..
ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഇയാളുടെ മറ്റ് കേസുകളും പോലീസ് അന്വേഷിച്ചുവരികയാണ്. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
……………..
യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ കോവളം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും.
…………….
തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിനായി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ വാദത്തിന് കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഹർജി ഇന്നത്തേക്ക് മാറ്റുന്നതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
…………
കെ.എസ്.എഫ്.ഇ വൈത്തിരി ശാഖയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പു നടത്തിയ കേസിൽ തളിപ്പുഴ സ്വദേശിയായ യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പുഴ ചെലിക്കൽ വീട്ടിൽ മുഹമ്മദ് ഷഹിലാസ് ഫെബിൻ ആണ് ഇന്നലെ അറസ്റ്റിലായത്. സ്ഥാപനത്തിലെ താൽക്കാലിക കലക്ഷൻ ഏജന്‍റ് ആയിരുന്നു ഫെബിൻ.
………….
കര്‍ണാടകയില്‍ ശക്തമായ മഴ. ബംഗളൂരു ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു ദിവസമായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ പെയ്യുന്നുണ്ട്.
…………..
നടപ്പ് സാമ്പത്തികവർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം ഐഎംഎഫ് 6.8 ശതമാനമായി വെട്ടിക്കുറച്ചു. രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. ഇക്കൊല്ലം രാജ്യം 8.2 ശതമാനം വളർച്ച നേടുമെന്ന് കഴിഞ്ഞ ജനുവരിയിൽ പ്രവചിച്ചിരുന്നു. 2021–-22ൽ ഇന്ത്യയുടെ വളർച്ച 8.7 ശതമാനമായിരുന്നു. ലോകം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും ഏറ്റവും മോശമായത് വരാനിരിക്കുന്നതേയുള്ളൂവെന്നും ഐഎംഎഫ് പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനരേഖയിൽ വ്യക്തമാക്കി.
…………..
ചാൾസ് മൂന്നാമന്‍റെ കിരീടധാരണം 2023 മെയ് 6 ന് നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം. ട്വിറ്ററിലാണ് രാജകുടുംബം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ ആബെയിൽ ആയിരിക്കും കിരീടധാരണം എന്നാണ് വിവരം. സെപ്തംബർ എട്ടിന് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകൻ ചാൾസ് രാജാവാകുന്നത്.
…………
ഫിഫ ഖത്തര്‍ ലോകകപ്പിന് ഇനി 39 ദിവസങ്ങള്‍ മാത്രം. ലോകത്തിന്‍റെ ആവേശം ഏറ്റുവാങ്ങി നവംബര്‍ 20 നാണ് കിക്കോഫ്. എട്ടു സ്റ്റേഡിയങ്ങളിലായി 64 മല്‍സരങ്ങളാണ് നടക്കുക. ഖത്തറും – ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 18ന് ലുസെയ്ന്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. 12 വര്‍ഷം മുമ്പാണ് ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്.
……………