നെയ്‌വലി ലിഗ്നൈറ്റ് കോർപറേഷന്റെ താലാബിര താപവൈദ്യുത നിലയത്തിൽനിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ വൈദ്യുതി ബോർഡും നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനും ഒപ്പുവച്ചു.കുറഞ്ഞ നിരക്കിൽ താലാബിരയിൽ നിന്നു വൈദ്യുതി ലഭ്യമാകും.
…………………..
ബ്രസീലിയൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ നുബിയ ക്രിസ്റ്റീന ബ്രാഗയെ വീടിനുള്ളിൽ വെടിവച്ച് കൊന്നു. കൊലയ്ക്ക് ശേഷം രണ്ടുപേരുണ്ടായിരുന്ന അക്രമികൾ മോട്ടോർബൈക്കിൽ രക്ഷപെട്ടെന്ന് പോലീസ് അറിയിച്ചു.
…………………..
നീലേശ്വരത്തെ സ്വകാര്യ കോളേജിലെ പൂർവവിദ്യാർഥികളുടെ കുടുംബ കൂട്ടായ്മയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ. 16 പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സതേടി.
………………….
ഹിന്ദി സീരിയൽ താരം വൈശാലി ടക്കറുടെ മരണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്‌ലാനിയാണ് അറസ്റ്റിലായത്.
…………………..
ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. ബിൽ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമാകും.
…………………..
ആഭ്യന്തര സെക്രട്ടറി സ്യുവെല്ല ബ്രേവർമാന്റെ രാജിയോടെ യുകെയിലെ ലിസ് ട്രസ് സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഇന്ത്യൻ വംശജ കൂടിയായ സ്യുവെല്ല ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നിശിത വിമർശത്തിനിരയായിരുന്നു.
…………………..
ഊർജോൽപ്പാദന കേന്ദ്രങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രയ്ൻ ഇരുട്ടിലേക്ക്.റഷ്യൻ ആക്രമണത്തെതുടർന്ന് രാജ്യത്തിന്റെ ഊർജോൽപാദന ശേഷിയുടെ നാൽപ്പത് ശതമാനം നഷ്ടപ്പെട്ടിരുന്നു.
…………………..
കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ.സാജനെ ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തു. ഗുരുതരമായ സംഭവം യഥാസമയം ജയിൽ ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തില്ലെന്നതിനാണു നടപടി.
…………………..
മനുഷ്യാവകാശ കൗൺസിൽ അംഗമെന്ന നിലയിൽ എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യക്ക് ഉത്തരവാദിത്വമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞ ഗുട്ടെറസ് മഹാത്മാഗാന്ധിയുടെയും ജവാഹർലാൽ നെഹ്റുവിന്റെയും മൂല്യങ്ങൾ ഇന്ത്യ സംരക്ഷിക്കണമെന്നും വ്യക്തമാക്കി.
…………………..
മുംബൈയിൽ എലിവേറ്റഡ് ഫുട്പാത്തിന്റെ മേൽക്കൂരയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈ നാനാ ചൗക്കിലായിരുന്നു ലഹരി ഉപയഗോഗിച്ചിരുന്നതായി സംശയിക്കുന്ന 24 കാരന്റെ പരാക്രമം.
…………………..
തിരുവനന്തപുരത്ത് കുടുംബവഴക്കിനെത്തുടർന്ന് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തെന്നാണു പൊലീസിന്റെ നിഗമനം. കമലേശ്വരം വലിയവീട് ലെയ്‌നിൽ ക്രസന്റ് അപ്പാർട്‌മെന്റിൽ കമാൽ റാഫി (52), ഭാര്യ തസ്‌നീം (42) എന്നിവരാണു മരിച്ചത്
…………………..
കേരള പൊലീസിനാകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു. മാമ്പഴ മോഷ്ടാവായ സിവിൽ പൊലീസ് ഓഫീസർ പി.വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹർജി അംഗീകരിച്ച് മോഷണ കേസിൽ കോടതിതുടർ നടപടികൾ അവസാനിപ്പിച്ചു.