മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 45 മിനിറ്റ് പറന്ന ശേഷമാണ് തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എംഎല്‍എ സി ആര് മഹേഷ് ഈ വിമാനത്തിലുണ്ട്. വിമാനം തിരിച്ചിറക്കിയതിനുള്ള കാരണം എയര്‍ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ല..
………….
സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാന്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി മതിയാകുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സുപ്രീം കോടതിയില്‍. കേസില്‍ കക്ഷി ചേര്‍ന്ന കേരളത്തിനുള്ള മറുപടി സത്യവാംഗ്മൂലമാണ് ഇഡി സമര്‍പ്പിച്ചത്. വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ ബാഹ്യ സ്വാധീനമില്ല. കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സത്യവാംഗ്മൂലത്തില്‍ പറയുന്നു.
…………..
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് തുറമുഖ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. സമരക്കാര്‍ ഉന്നയിച്ച 7 ല്‍ 5 ആവശ്യങ്ങളും അംഗീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
………………
സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി മുന്നോട്ടുപോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശക്തമായി നേരിടാന്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം. ഗവര്‍ണര്‍ വിഷയത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നും ശക്തമായി നേരിടണമെന്നും കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായും നിയമപരമായും ഗവര്‍ണറെ നേരിടും. സംസ്ഥാന തലത്തില്‍ നടക്കുന്ന സമരത്തിനൊപ്പം ദേശീയ തലത്തിലും ഗവര്‍ണര്‍ക്കെതിരെ സമരം ശക്തമാക്കാനാണ് സിപിഎം കേന്ദ്ര കമ്മിറ്റിയലിലെ ധാരണ.
……………….
മലപ്പുറം തിരൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മൂന്നും നാലും വയസുള്ള അമല്‍ സയാന്, റിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. തൃക്കണ്ടിയൂര്‍ കാവുങ്ങപറമ്പില്‍ നൗഷാദിന്റേയും നജ്ലയുടേയും മകനാണ് അമന് സയിന്‍. പാറപ്പുറത്ത് ഇല്ലത്ത് വീട്ടില്‍ റഷീദിന്റെയും റഹിയാനത്തിന്റെയും മകളാണ് റിയ ഫാത്തിമ.
…………..
തിരു. പാറശ്ശാല സ്വദേശി ഷാരോൺ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ്പ അറിയിച്ചു. അതിനിടെ ഷാരോണ്‍ രാജ് വിഷാംശം കലർന്ന പാനീയം കുടിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വാട്സ് ആപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചു. ഷാരോണിന് വിഷാംശം കലർന്ന പാനീയം നൽകിയ കാമുകിയുമായി, അതിന് ശേഷം നടത്തിയ വാട്സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്. പെണ്‍കുട്ടി പറഞ്ഞിട്ട് നേരത്തെ ജ്യൂസ് ചലഞ്ച് നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് കുപ്പി ജ്യൂസ് കഴിഞ്ഞ ശേഷം ഷാരോണ്‍ ചര്ദ്ദിച്ചിരുന്നതായി കുടുംബം പറയുന്നു.
………….
കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമ ഭേദഗതി, മുഴുവൻ മാധ്യമങ്ങളെയും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍ എംപി. ആദ്യം അവർ ചാനലുകള്‍ പിടിച്ചെടുത്തു. ഇപ്പോൾ സമൂഹ്യമാധ്യമങ്ങളെ പിടിച്ചെടുക്കാൻപോകുന്നു. ഇത് മാധ്യമരംഗത്തെ ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമമാണെന്നും സിബല്‍ ആരോപിച്ചു.
…………………
ഇറാനില്‍ നടക്കുന്ന പ്രക്ഷോഭവും മനുഷ്യാവകാശ ലംഘനങ്ങളും ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ബുധനാഴ്ച്ച നടക്കുന്ന യോഗത്തില്‍ അമേരിക്കയും അല്‍ബേനിയയും വിഷയം ഉന്നയിക്കും. നോബേല്‍ ജേതാവും ഇറാനിയന്‍ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഷിറിന് എബാദി, ഇറാനിയന്‍ നടിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നസാനിന് ബൊനിയാദി എന്നിവര്‍ സംസാരിക്കും. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ സദാചാരപ്പോലീസ് അറസ്റ്റുചെയ്ത മഹ്സ അമീനി എന്ന 22-കാരി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് വന്‍ പ്രക്ഷോഭമാണ് രാജ്യത്ത് തുടരുന്നത്.
…………..
അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസ്ക്കി അപകടനില തരണം ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയില്‍ നിന്നും പരിക്കേറ്റ പെലോസിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സാന്‍ഫ്രാന്‍സിസ്കോയിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമി ‘നാന്‍സി എവിടെ’ എന്ന് ആക്രോശിച്ചുകൊണ്ട്, പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണം നടത്തിയ 42-കാരനായ ഡേവിഡ് ഡിപെപ്പെയെ പൊലീസ് അറസ്റ്റ് ചെയ്തു.
…………..
ദുബൈ- കണ്ണൂര്‍ സെക്ടറില്‍ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനം മുതലാണ് സർവിസ്. ആഴ്ചയിൽ നാലു ദിവസമാണ് ദുബൈ-കണ്ണൂർ സർവിസ്. ആദ്യ ദിനങ്ങളിൽ ദുബൈയിൽനിന്ന് കണ്ണൂരിലേക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു കിലോ അധിക ബാഗേജും അനുവദിക്കും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക.
…………….
20-20 ലോകകപ്പില്‍ ന്യൂസിലന്റിനെതിരെ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. 65 റണ്‍സിനായിരുന്നു ന്യൂസിലന്റിന്റെ വിജയം. 168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ശ്രീലങ്ക 19.2 ഓവറില്‍ 102 റണ്‍സെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ഗ്ലെന്‍ ഫിലിപ്സാണ് ന്യൂസിലന്റിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 64 പന്തില്‍ നാല് സിക്സറും 10 ഫോറുമടക്കം 104 റണ്‍സാണ് ഗ്ലെന്‍ നേടിയത്.
……………..