വാർത്തകൾ ചുരുക്കത്തിൽ

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയോട് കരുതലോടെ പ്രതികരിച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്നത് എം വി ഗോവിന്ദന്‍റെ മാത്രം അഭിപ്രായമല്ലെന്നും സമൂഹത്തിന്‍റെയാകെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടേത് എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ല. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

……………..

ഇടത് മുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം ന് വ്യക്തമായ നയവും നിലപാടുമുണ്ട്. മുസ്ലിം ലീഗ് സ്വീകരിച്ച ചില നിലപാടുകളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

…………….

ഏക സിവിൽകോഡ്‌ വിഷയം ഗൗരവമേറിയതാണെന്നും കോൺഗ്രസ്‌ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യസഭയിൽ ഇന്നലെ വന്നത്‌ സ്വകാര്യ ബില്ലാണ്‌. എതിർത്ത്‌ സംസാരിക്കാൻ കോൺഗ്രസില്‍ നിന്നുള്ള ആരേയും കാണാത്തതാണ്‌ ലീഗ്‌ അംഗത്തിന്റെ പരാമർശത്തിന്‌ കാരണം. എന്നാൽ ഭാവിയിൽ കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

…………..

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക് കാര്യങ്ങളിൽ സർവകലാശാലകൾക്ക് പരിപൂർണ സ്വാതന്ത്ര്യം ഉണ്ടാകും. പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കുക തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

………….

സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ലഹരിക്കെതിരായ നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ മുന്നോട്ട് പോവുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു. കുട്ടികളെ ഇടനിലക്കാരാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അനിൽ കാന്ത് പറഞ്ഞു.

…………..

സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.

……………..

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മുൻ അദ്ധ്യക്ഷൻ സുഖ്വിന്ദർ സുഖുവും നിലപാടിൽ ഉറച്ചു നില്ക്കുന്നതാണ് തർക്കം തുടരാൻ കാരണം. എംഎൽഎമാരുമായി സംസാരിച്ച നിരീക്ഷകർ ഹൈക്കമാന്‍റിന് റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുണ്ട്. രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള സുഖു മുഖ്യമന്ത്രിയാകാനാണ് സാധ്യത. നേതൃത്വത്തിൻ്റെ ഏതു നിർദേശവും താൻ അനുസരിക്കുമെന്ന് സുഖ്വിന്ദർ സുഖു പറഞ്ഞു.

…………

ബിജെപി ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയാണ് സത്യപ്രതി‍‍ജ്ഞ.

……………

ദില്ലി മുൻസിപ്പൽ കോർപ്പറേഷനില്‍ അധികാരം ഉറപ്പിച്ച എഎപിക്കെതിരെ കുതിരക്കച്ചവട ആരോപണവുമായി ബിജെപി. ബിജെപി കൗൺസിലർമാരെ വിലയ്ക്കു വാങ്ങാൻ എഎപി ശ്രമിക്കുന്നതായാണ് ആരോപണം. കെജരിവാളിൻ്റെ ഏജൻ്റ് സമീപിച്ചതായി ബിജെപി കൗൺസിലർ ആരോപിച്ചു.

…………

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടി ഇഷാൻ കിഷൻ. 126 പന്തുകളിൽ നിന്നാണ്‌ കിഷന്റെ നേട്ടം. ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും താരമാണ് ഇഷാന്‍ കിഷന്‍.

മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 409 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ഇഷാന്‍ കിഷനും , വിരാട് കോലിയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. കോലി 113 റണ്‍സ് സ്കോര്‍ ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *