വാർത്തകൾ ഒറ്റനോട്ടത്തിൽ

  • നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ അഞ്ച് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഒപ്പിട്ടത്. സർവ്വകലാശാല, ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഇന്ന് ദില്ലിക്ക് പോകുന്ന ഗവർണർ അടുത്തമാസം ആദ്യമെ തിരിച്ചെത്തു. ഇതിന് ശേഷം മാത്രമെ ഒപ്പുവയ്ക്കാത്ത ബില്ലുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാകു.
  • കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂർ തയ്യാറെടുക്കുമ്പോൾ കേരളത്തിലൽ നിന്നുള്ള പിൻതുണ കുറയുന്നു. തുടക്കത്തിൽ തരൂരിനുവേണ്ടി സംസാരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം ഇപ്പോൾ മൗനത്തിലാണ്. മുൻ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും തരൂരിനെതിരെ പരസ്യമായി രംഗത്തുവന്നു. രാഹുലിഗാന്ധി അധ്യക്ഷനാകണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പ്രതികരണം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിക്കണമെങ്കിൽ പത്ത് പേരുടെ പിന്തുണ ആവശ്യമാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കാണും. അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിനാണ് ഹൈക്കാൻഡ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഒക്ടോബർ 17നാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. നാളെ മുതൽ പത്രിക സമർപ്പിക്കാം.
  • എൽഡിഎഫ് സർക്കാരിൻറെ തലതിരിഞ്ഞ സഹകരണ നയങ്ങളുടെ ഇരയാണ് വീട്ടിൽ ജ്പതി നോട്ടീസ് പതിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന കൊല്ലം ശൂരനാട് സ്വദേശിയായ അഭിരാമിയെന്ന് കെപിസിസി അധ്യക്ഷന് കെ.സുധാകരൻ എംപി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേരള ബാങ്ക് രൂപീകരിച്ച് എൽഡിഎഫ് സർക്കാർ റിസർവ് ബാങ്കിന് പണയം വെച്ചതിൻറെ മറ്റൊരു രക്തസാക്ഷിയാണ് അഭിരാമി.കേരള ബാങ്ക് രൂപീകരിച്ചത് ജനങ്ങളെ ദ്രോഹിക്കുന്നതിന് വേണ്ടിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
  • രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന തുരുത്തായി കേരളം നിലകൊള്ളുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ പ്രതിരോധിച്ചാണ് കേരളം തലയുയർത്തി നിൽക്കുന്നത്. ആലപ്പുഴയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
  • തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ മകൾ രേഷ്മയുടേയും സുഹൃത്തിൻറേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിന് ശേഷം കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. അതേസമയം, എഫ്‌ഐആറിൽ പ്രതികളുടെ പേര് ഇതുവരെയും ചേർത്തിട്ടില്ല. കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് നിലവിൽ കാട്ടാക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട 4 ജീവനക്കാരെ കെഎസ്ആർടിസി സസ്പൻറ് ചെയ്തു.
  • കാട്ടാക്കട സംഭവത്തിൽ മാപ്പ് പറഞ്ഞ് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും വൈഷമ്യം നേരിടേണ്ടി വന്നതിൽ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ മാപ്പ് ചോദിക്കുന്നുവെന്ന് ബിജു പ്രഭാകർ ഫേസ്ബുക്കിൽ കുറിച്ചു. തിരുത്തുവാൻ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ലെന്നും എം.ഡി വ്യക്തമാക്കി.
  • പത്തനതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കുടുങ്ങിയ പേവിഷ ബാധ സംശയിക്കുന്ന നായ ചത്തു. മരുന്ന് കുത്തിവച്ച് മയക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ നായയാണ് ചത്തത്. നായയ്ക്ക് പേ ഉണ്ടോ എന്നറിയാൻ രക്തം, ഉമിനീർ എന്നിവയുടെ സാമ്പിൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.
  • തിരുവനന്തപുരം ആനാട് വീട്ടിൽ വളർത്തുന്ന നായ ഒരു മാസം മുൻപ് കടിച്ച യുവതി കുഴഞ്ഞുവീണു മരിച്ചു.21 വയസുള്ള അഭിജ്ജയാണ് മരിച്ചത്. ഒന്നരമാസം മുൻപാണ് വീട്ടിലെ നായ കടിച്ചത്. അന്ന് തന്നെ ചികിത്സ തേടിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുമ്പോൾ മാത്രമേ മരണകാരണം വ്യക്തമാകു.
  • ലോകകപ്പ് ട്രോഫിയുടെ പര്യടനം ഏഷ്യയും ആഫ്രിക്കയും പിന്നിട്ട് യൂറോപ്യൻ രാജ്യങ്ങളിൽ പുരോഗമിക്കുന്നു. ലോകകപ്പ് വിളംബരത്തിൻറെ ഭാഗമായി ആഗസ്റ്റ് 24ന് സൂറിച്ചിൽനിന്നും ദക്ഷിണ കൊറിയയിലെത്തി തുടക്കം കുറിച്ച ട്രോഫിയുടെ പര്യടനമാണ് വൻകരകൾ താണ്ടി ഇപ്പോൾ യൂറോപ്പിലെത്തിയിരിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിലൂടെയാണ് രണ്ടാം ഘട്ടത്തിലെ യാത്ര പുരോഗമിക്കുന്നത്
  • ഖത്തർ ലോകകപ്പിനെത്തുന്ന കാണികൾക്കും സന്ദർശകർക്കും അടിയന്തരഘട്ടങ്ങളിൽ സൗജന്യ ചികിത്സ ഉറപ്പാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ. ലോകകപ്പ് കാണികൾക്കും സ്വദേശികൾക്കും ആവശ്യമായ ഫാൻ ഹെൽത്ത് ഇൻഫർമേഷൻ വെബ്‌സൈറ്റ് ഉദ്ഘാടനച്ചടങ്ങിലാണ് ആരാധകരും സന്ദർശകരുമായി എത്തുന്നവരുടെ ചികിത്സ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചത്. സൗജന്യ ചികിത്സാസേവനം ലഭിക്കാൻ കാണികൾ ഹയാ കാർഡ് സമർപ്പിക്കണം. ശൈഖ ഐഷ ബിൻത് ഹമദ് അൽ അതിയ ആശുപത്രി, അൽ വക്‌റ ആശുപത്രി, ഹമദ് ജനറൽ ആശുപത്രി, ഹസം മിബൈരിക് ജനറൽ ആശുപത്രി എന്നിവ ലോകകപ്പ് സേവനങ്ങൾക്ക് മാത്രമായി സജ്ജീകരിക്കും. ട്രാവൽ ഇൻഷുറൻസ് മുഖേനെ സ്വകാര്യ ആശുപത്രികളിലും ആരോഗ്യസേവനങ്ങൾ ലഭ്യമാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *