വാർത്തകൾ ഒറ്റനോട്ടത്തിൽ

ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. അധ്യാപികയുടെ പരാതിയിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ, പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമായിരുന്നു കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.

……………………………….

ചരിത്രത്തിലാദ്യമായി ദേശീയ പതാക ഉയര്‍ത്തി സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. വിജയവാഡയിലെ ഗുരുദാസ് ദാസ് ഗുപ്ത നഗറാണ് ഇതിന് വേദിയായിത്. മുതിര്‍ന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എട്ടുകുറി കൃഷ്ണ മൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി ഡി.സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തി. ചൈന അടക്കം 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്.ഉത്ഘാടന സമ്മേളനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചര്യ, എന്നിവര്‍ക്കൊപ്പം ഫോര്‍ വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും ആശംസ അര്‍പ്പിച്ചു.ദേശീയ ഇടത് ഐക്യത്തിന്റ ഭാഗമായി ക്ഷണിച്ചിരുന്നെങ്കിലും ആര്‍എസ്പി പരിപാടിയില്‍ പങ്കെടുത്തില്ല.

……………………………….

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളുടെ ബസുകളിലും പരസ്യം പതിക്കാറുണ്ട്. പരസ്യയിനത്തില്‍ കെഎസ്ആര്‍ടിസിക്ക് വര്‍ഷം ഒരു കോടി 80 ലക്ഷം രൂപ ലഭിച്ചിരുന്നെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് വരുമാന നഷ്ടമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്നാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.

……………………………….

ഹിമാചൽ പ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ. കുടുംബാധിപത്യം രാജ്യത്തുനിന്നും തുടച്ചു നീക്കുമെന്നും എന്നും അമിത് ഷാ പറഞ്ഞു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. സിർമൗറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കൂടാതെ ഹിമാചൽ പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനവും അമിത് ഷാ റാലിയിൽ പുറത്തിറക്കി. ജയറാം താക്കൂറിനൊപ്പം മോദിയെയും ഉയർത്തിക്കാട്ടിയാണ് പ്രചരണ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

………………………………..

വടക്കൻ തുർക്കിയിലെ ബാർട്ടിൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഡസൻ കണക്കിന് ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കരിങ്കടലിന്‍റെ തെക്കന്‍ തീരദേശ നഗരമായ അമാസ്രയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ സ്ഫോടനം നടക്കുമ്പോള്‍ ഖനിയില്‍ 110 പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സമയം ഇതില്‍ പകുതിയില്‍ അധികം പേരും 300 മീറ്ററിലും താഴെ ജോലി ചെയ്യുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 11 പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും തുർക്കി ആരോഗ്യ മന്ത്രി അറിയിച്ചു.

………………………………..

സൗദിൽ ട്രാഫിക് നിയമലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ പുതിയ രീതി ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം റിയാദ് മേഖലയിൽ ആരംഭിച്ചു. പുതിയ സംവിധാനത്തിന് കീഴിൽ മന്ത്രാലയത്തിന്റെ സുരക്ഷാ പട്രോളിങ് ടീമുകൾ ഒരേ സമയം ട്രാഫിക്കും ക്രിമിനൽ ലംഘനങ്ങളും നിരീക്ഷിക്കും. ഉയർന്ന കൃത്യതയുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.

………………………………..

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി അധികൃതര്‍ രണ്ടിടങ്ങളില്‍ പരിശോധന നടത്തി. ഹവല്ലിയിലും മുബാറക് അല്‍ കബീറിലുമാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറിലെത്തിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഡ്രൈവിങ് ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകള്‍ കണ്ടെത്താനാണ് പരിശോധന നടത്തിയത്. പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലെ രേഖകള്‍ പരിശോധിക്കുകയും നിയമങ്ങള്‍ കൃത്യമായി പാലിച്ചാണോ ഇവര്‍ ലൈസന്‍സ് നേടിയതെന്ന് കണ്ടെത്തുകയുമാണ് ലക്ഷ്യം. തെറ്റായ മാര്‍ഗങ്ങളിലൂടെ ലൈസന്‍സ് നേടിയിട്ടുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. 

Leave a Reply

Your email address will not be published. Required fields are marked *