വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കുന്നു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടി. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടലുണ്ടോ എന്നാണ് പ്രധാനമായും എൻഐഎ അന്വേഷിക്കുന്നത്.

…………………………..

വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡിഐജി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഡിഐജി അറിയിച്ചു.

…………………………..

വിഴിഞ്ഞം സമരസമിതി നേതാവ് നടത്തിയ വര്‍ഗീയ പ്രസ്താവനക്ക് എതിരെ കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. മന്ത്രി വി അബ്ദുറഹ്മാനെതിരെ, ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

…………………………..

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണം ആസൂത്രിതമാണെന്ന് എസ്ഐ ലിജോ പി മണി. പോലീസിന്‍റെ ഭാഗത്തു നിന്നും പ്രകോപനമൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

…………………………..

ഇടത് സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് വിഴിഞ്ഞത്ത് സമരം ചെയ്യുന്നവരുടെ ലക്ഷ്യമെന്ന് കെ ടി ജലീല്‍ എംഎല്‍എ. സമാധാനം പഠിപ്പിക്കേണ്ടവര്‍, കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

…………………………..

കെടിയു വി സി നിയമനത്തിൽ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മന്ത്രി ആർ ബിന്ദു. അപ്പീൽ പോകുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും സർക്കാരിന് പിടിവാശിയില്ലെന്നും മന്ത്രി പറഞ്ഞു. യോഗ്യതയുടെ കാര്യത്തിൽ സർക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.

…………………………..

സാങ്കേതിക സർവ്വകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ തുടരാൻ അനുവദിച്ച കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി പി രാജീവ്. വിഷയത്തിൽ ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്ന നിരീക്ഷണമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിധിപകർപ്പ് വന്നതിനുശേഷം കൂടുതലായി പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

…………………………..

റിസല്‍ട്ട് പ്രഖ്യാപിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കലുമാണ് എത്രയും പെട്ടെന്ന് ചെയ്യാനുള്ളതെന്ന് കെടിയു വൈസ് ചാന്‍സലര്‍ സിസ തോമസ്. ഇതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായും വിസി പറഞ്ഞു.

…………………………..

സര്‍ക്കാര്‍ – ഗവര്‍ണര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാരെന്നും സ്പീക്കര്‍ പറഞ്ഞു.

…………………………..

എസ്എൻഡി ഭാരവാഹിയായിരുന്ന കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേർത്ത് കേസെടുക്കാൻ കോടതി നിർദ്ദേശം. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്.

…………………………..

മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണ ഉത്തരവിട്ട ഹൈക്കോടതി, സിബിഐയെ രൂക്ഷണായി വിമര്‍ശിച്ചു. ആത്മഹത്യയെന്ന സിബിഐ റിപ്പോ‍ർട്ട് തട്ടിക്കൂട്ടിയതാണെന്ന് കോടതി വിമര്‍ശിച്ചു. കേസിൽ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകളൊന്നും റിപ്പോർട്ടിലില്ലെന്നും കോടതി വിലയിരുത്തി.

…………………………..

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിന് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അടുത്ത മഴയ്ക്ക് മുന്‍പ് ഇത് പൂര്‍ത്തിയാക്കും. രണ്ടാം കുട്ടനാട് പാക്കേജ് ആരംഭിച്ചിട്ടുപോലുമില്ലെന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

…………………………..

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ രാത്രികാല നിരോധനം പാടില്ലെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തില്‍ ലിംഗ വിവേചനം പാടില്ലെന്നും അവര്‍ പറഞ്ഞു. കോട്ടയം സംഭവത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി സതീദേവി പറഞ്ഞു.

…………………………..

ഏകദിനത്തിൽ മികച്ച റെക്കോർഡ് ഉണ്ടായിട്ടും സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥിരം അവസരങ്ങൾ ലഭിക്കാത്തതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ഋഷഭ് പന്ത് ഫോമിലല്ലെന്നും സഞ്ജു സാംസണ് മികച്ച ബാറ്റിംഗ് ശരാശരിയാണുള്ളതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

…………………………..

Leave a Reply

Your email address will not be published. Required fields are marked *