വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നാല് യുവാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഒക്ടോബര്‍ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

……………………………

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എം.എല്‍.എ.ക്കെതിരായ യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നാണ് നിരീക്ഷണം. വധശ്രമ ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.

……………………………

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍ ബ്രാവോയുടെ പേരില്ല. താന്‍ ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാമെന്ന് ബ്രാവോ വ്യക്തമാക്കി.

……………………………

ബോളിബുഡ് താരം ഷാറൂഖ് ഖാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു. റെഡ് സീ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഷാറൂഖ് ഖാൻ ജിദ്ദയിൽ എത്തിയതായിരുന്നു. ഷാറൂഖ് ഖാന്റെ പുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ജിദ്ദയിൽ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്.

……………………………

കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായത്.

……………………………

കൽക്കരി ഖനന അഴിമതിക്കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽ. ചോദ്യം ചെയ്യലുകൾക്കൊടുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

……………………………

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെ കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

……………………………

വിഴിഞ്ഞം ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസേനയെ വിളിച്ചതോടെ ക്രമസമാധാന പരിപാലനത്തിൽ പരാജയമെന്ന് തെളിഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ട സർക്കാർ എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

……………………………

സംസ്ഥാനത്ത് മുസ്ലീം വിദ്യാർത്ഥികൾക്കായി 10 ഹിജാബ് സൗഹൃദ സ്‌കൂളുകളും കോളേജുകളും തുറക്കാൻ കർണാടക ഖഖഫ് ബോർഡിന് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ തള്ളി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഈ വിഷയം സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്നും സർക്കാരിന് ഇത്തരമൊരു നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

……………………………

പേര് വിവാദത്തില്‍ ഫിലിം ചേമ്പർ ചർച്ചയ്ക്ക് വിളിച്ചെന്ന് ‘ഹിഗ്വിറ്റ’ ചിത്രത്തിന്‍റെ അണിയറക്കാർ. വിഷയത്തിൽ വിശദീകരണം നൽകുമെന്ന് സിനിമയുടെ അണിയറക്കാര്‍ പ്രതികരിച്ചു. ‘ഹിഗ്വിറ്റ’ എന്ന് പേരിടുന്നതിനെ ഫിലിം ചേമ്പർ വിലക്കിയിരുന്നു. എന്‍ എസ് മാധവന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഫിലിം ചേമ്പറിന്‍റെ വിലക്ക്.

……………………………

കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. കുമളി സ്പ്രിംഗ്‌വാലി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

……………………………

മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ ശനിയാഴ്ച പ്രത്യേക സിറ്റിങ്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തുക.

……………………………

കോവളത്ത് ലാത്വിയൻ വനിത ലിഗയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ പ്രതികൾ കുറ്റക്കാർ. കോവളം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് തിരുവനന്തപുരം ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി സനിൽ കുമാർ കണ്ടെത്തിയത്. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവ് നശിപ്പിക്കൽ, മയക്കുമരുന്ന് നൽകി ഉപദ്രവിക്കുക, മയക്കുമരുന്ന് നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും.

……………………………

എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം എന്ന് എം വി ജയരാജൻ. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് സുരേന്ദ്രന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. സുരേന്ദ്രൻ അധ്യക്ഷനായതിന് ശേഷം ബിജെപിക്ക് ഉള്ള വോട്ടുകൾ നഷ്ടമായി. അതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും എം വി ജയരാജൻ പറഞ്ഞു.

……………………………

Leave a Reply

Your email address will not be published. Required fields are marked *