വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കാവി പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു ഗവര്‍ണറെ അയച്ച് അതിലൂടെ സമാന്തര സര്‍ക്കാരിനെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ തുറന്നടിച്ചു.

………………………………………

സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍. കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണര്‍ സ്റ്റാന്റിംഗ് കൗൺസിലിനോട് ആരാഞ്ഞത്. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.

………………………………………

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി പി ഹരീന്ദ്രന് എതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പരാതിയില്‍ തലശ്ശേരി പൊലീസാണ് കേസെടുത്തത്. ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരുന്നതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍.

………………………………………

ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റൺവെ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.

………………………………………

വ്യക്തി ജീവിതത്തെയും പൊതു ജീവിതത്തെയും ശുദ്ധീകരിക്കാൻ ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഉപയോഗിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻ്റെ ജീവിതം മുന്നോട്ട് വച്ച സന്ദേശം കൂടുതൽ ആഴത്തിൽ മനസിലാക്കുന്നിടത്തും ജീവിതത്തിൽ പകർത്തുന്നിടത്തും ആണ് ശിവഗിരി തീർത്ഥാടനം അർത്ഥവത്താകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

………………………………………

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. ഡിസംബർ 31 വരെ ലീവ് – സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാവും. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഡിസംബർ 31 വരെ ഉത്തരവ് നീട്ടിയിരുന്നത്.

………………………………………

ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. കിരിബാത്തി ദ്വീപുകളിലെ കിരിടിമതി എന്ന സ്ഥലത്താണ് 2023 നെ ആദ്യം വരവേറ്റത് . ഏകദേശം 811 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമാണ് കിരിബാത്തി. ന്യൂസിലന്‍റും വര്‍ണാഭമായ വെടിക്കെട്ടൊരുക്കി 2023 നെ വരവേറ്റു. ഇന്ത്യ , യുഎഇ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.

ദുബായിൽ 30 – ലധികം സ്ഥലങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടക്കുക. 40 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗത്തിലൂടെ അബുദാബി പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കും അൽ ഐനിൽ – ജബൽ ഹഫീത് , ഹസ്സ ബിൻ സായിദ് സ്റ്റേഡിയം എന്നിടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ കാണാം. ഷാര്‍ജ – റാസല്‍ഖൈമ ഉള്‍പ്പടെയുള്ള എമിറേറ്റുകളിലും കരിമരുന്ന് പ്രയോഗം ഉള്‍പ്പടെ വര്‍ണാഭമായ ആഘോഷങ്ങള്‍ ഉണ്ടാകും.

………………………………………

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വത്തിക്കാനിലെ ആശ്രമത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. മുൻഗാമിയായ ജോൺ പോൾ മാ‍‍ർപ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു പേര്.

………………………………………

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ച് കോഴിക്കോട് കടലോരത്ത് ഭീമൻ മണൽശില്പം ഒരുക്കി. കലോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ബീച്ചിലാണ് കലാരൂപങ്ങളെ കോർത്തിണക്കിയ മനോഹരമായ മണൽ ശില്പം ഒരുക്കിയിട്ടുള്ളത്. കലാകാരൻ ഗുരുകുലം ബാബുവും സംഘവുമാണ് മണൽശില്പം ഒരുക്കിയത്.

………………………………………

Leave a Reply

Your email address will not be published. Required fields are marked *