വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്നും മമത പറഞ്ഞു. മുര്‍ഷിദാബാദ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മമതയുടെ പ്രതികരണം. ഓര്‍ക്കുക, പലരും എതിര്‍ക്കുന്ന നിയമം ഞങ്ങള്‍ ഉണ്ടാക്കിയതല്ല. കേന്ദ്ര സര്‍ക്കാരാണ് അതിനുത്തരവാദി. വഖഫ് ഭേദഗതി ബില്ലില്‍ ടിഎംസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഇത് നടപ്പാക്കില്ല.

വഖഫ് ഭേദഗതി ബില്ലിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി സര്‍ക്കാര്‍ നേരിടുമെന്നും ചില രാഷ്ട്രീയ കക്ഷികള്‍ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും മമത പറഞ്ഞു. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. ഒരു അക്രമത്തെയും അംഗീകരിക്കുന്നില്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നു. അവരുടെ പ്രേരണയ്ക്ക് വഴങ്ങരുത്. മതം എന്നാല്‍ മനുഷ്യത്വം, സല്‍സ്വഭാവം, നാഗരികത, ഐക്യം എന്നിവയാണെന്ന് ഞാന്‍ കരുതുന്നു. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു- മമത പറഞ്ഞു.

മുര്‍ഷിദാബാദില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ മമത മൗനം പാലിക്കുന്നുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. മമത ബാനര്‍ജി സര്‍ക്കാരിന്റെ മൗനം ഭയപ്പെടുത്തുന്നുവെന്നും സര്‍ക്കാര്‍ ഇത്തരം നിയമലംഘനങ്ങളെ അനുവദിക്കുകയും പ്രേരിപ്പിക്കുകയും സഹിക്കുകയും ചെയ്യുന്നുവെന്ന് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *