റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിന്‍റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആഢംബര കാർ ലിമോസിൻ പൊട്ടിത്തെറിച്ചു. മോസ്കോയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) ആസ്ഥാനത്തിന് സമീപമാണ് കാറിന് തീപിടിച്ചത്. ഈ സമയം കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല.
ആഢംബര വാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപിടിക്കുകയുമായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാറില്‍ നിന്ന് കനത്ത പുക ഉയരുന്നതും സമീപത്തുള്ളവർ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്‍റെ എൻജിൻ ഭാഗത്തുനിന്ന് ആരംഭിച്ച തീ ഉൾഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു.
കാറിന് തീപിടിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതോടെ, ഇതേക്കുറിച്ച് പലവിധ അഭ്യൂഹങ്ങളും ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. വൻ സുരക്ഷാ സംവിധാനങ്ങളുള്ള കാറിന് തീപിടിച്ചത് പുടിന് നേരെയുള്ള വധശ്രമമാണോ എന്നാണ് പലരും അന്വേഷിക്കുന്നത്.