സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബേ. രാജ്യത്ത് മതപരമായ യുദ്ധങ്ങൾക്ക് പ്രചോദനം നൽകുന്നതിന് ഉത്തരവാദികൾ സുപ്രീംകോടതിയാണെന്നും ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ് സജീവ് ഖന്നയാണെന്നും ദുബെ തുറന്നടിച്ചു. സുപ്രീംകോടതി നിയമങ്ങൾ ഉണ്ടാക്കുമെങ്കിൽ പിന്നെ പാർലമെൻറ് മന്ദിരം അടച്ചുപൂട്ടണമെന്ന് ദുബെ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു ദുബെയുടെ സുപ്രീംകോടതി വിമർശനം. പിന്നീട് വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലും രൂക്ഷമായ സുപ്രീംകോടതി വിമർശനം അദ്ദേഹം ആവർത്തിച്ചു.
സുപ്രീംകോടതി പരിധികൾ ലംഘിക്കുകയാണെന്ന് ദുബെ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആർട്ടിക്കൾ 368 പ്രകാരം പാർലമെന്റിന് നിയമങ്ങൾ ഉണ്ടാക്കാനുള്ള അവകാശമുണ്ട്. ഈ നിയമങ്ങൾ വ്യാഖ്യാനിക്കുകയാണ് കോടതി ചെയ്യുന്നത്. എന്നാൽ, കോടതി പ്രസിഡന്റിനും ഗവർണർക്കും നിയമങ്ങൾ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയാണ്. രാമക്ഷേത്രം, കൃഷ്ണജന്മഭൂമി, ഗ്യാൻവ്യാപി എന്നിവ നിങ്ങളുടെ മുന്നിലെത്തുമ്പോൾ രേഖകൾ ആവശ്യപ്പെടും. എന്നാൽ, മുഗളൻമാർ നിർമിച്ച പള്ളികളുടെ കാര്യം വരുമ്പോൾ ഒരു രേഖകളും ആവശ്യപ്പെടില്ലെന്നും അദ്ദേഹം സുപ്രീംകോടതിയെ വിമർശിച്ചു.
നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സുപ്രീംകോടതിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ബില്ലുകളിൽ ഗവർണർമാരും രാഷ്ട്രപതിയും തീരുമാനമെടുക്കേണ്ടത് സംബന്ധിച്ച് സുപ്രീംകോടതി നിർണായക വിധിന്യായം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണപക്ഷ നേതാക്കൾ കോടതി വിമർശനം ശക്തമാക്കിയത്.