ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ സഭയുടെ നഴ്സിങ് കോളജിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. ഹിന്ദു വിദ്യാർഥിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. വിശ്വഹിന്ദു പരിഷത്, ബജ്റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ജാഷ്പൂരിൽ ഹിന്ദു ആക്രോശ് റാലി സംഘടിപ്പിച്ചത്. സാലിയാതോലിയിൽ നിന്ന് ആരംഭിച്ച റാലി സ്തംഭ് ചൗക്കിലാണ് സമാപിച്ചത്.
റാലിക്ക് ആചാര്യ രാകേഷ്, ബജ്റംഗ് ദൾ ജില്ലാ പ്രസിഡന്റ് വിജയ് ആദിത്യ സിങ് ജുദേവ് എന്നിവർ നേതൃത്വം നൽകി. സേവനത്തിന്റെ പേരിൽ എങ്ങനെയാണ് മതപരിവർത്തനം നടത്തുന്നതെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ആചാര്യ രാകേഷ് പറഞ്ഞു. കോളജിന്റെ പ്രിൻസിപ്പൽ ഉൾപ്പെടെ സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും കോളജിന്റെ അംഗീകാരം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദ്യാർഥി പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കോളജ് അധികൃതർ തയ്യാറായിട്ടില്ലെന്ന് ആദിത്യ സിങ് ജുദേവ് പറഞ്ഞു.