മലയാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആള്‍ക്കൂട്ടക്കൊല സംബന്ധിച്ച വിവരമറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം വേങ്ങര സ്വദേശിയും പുല്പള്ളിയിലെ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കുടുപ്പു ഭ്രത കല്ലുട്ടി ക്ഷേത്രമൈതാനത്തിന് സമീപം ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അഷ്‌റഫിനെ അടിച്ചുകൊന്നത്. ഞായറാഴ്ചയായിരുന്നു കൊലപാതകമെങ്കിലും ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടയാളെക്കുറിച്ച് സൂചന ലഭിച്ചത് ബുധനാഴ്ച പുലര്‍ച്ചെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നാണ് ശക്തമായ പ്രതിഷേധം ഉണ്ടായത്. സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്ക്ക് ദക്ഷിണ കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവും കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി. ചന്ദ്ര, കോണ്‍സ്റ്റബിള്‍ യെല്ലാലിംഗ എന്നിവരെയാണ് മംഗളൂരു പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് അഷ്‌റഫിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിരുന്നു.