പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ പരിശോധനയും ജാഗ്രതയും തുടരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമായി മുന്നോട്ടുപോകുന്നതായി സുരക്ഷാ സേന അറിയിച്ചു. അതേസമയം, ശ്രീനഗറിൽ കഴിഞ്ഞ മാസം 19ന് ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ശ്രീനഗറിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ പഹൽഗാമിൽ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചു. ഭീകരാക്രമണത്തെ സംബന്ധിച്ച് ഇരുമന്ത്രിമാരും ചർച്ച നടത്തി. ഇന്നലെ നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.
അതേസമയം, ഭീകരാക്രമണത്തിൽ പാകിസ്ഥാന് മറുപടി നൽകാനൊരുങ്ങുകയാണ് കര-നാവിക-വ്യോമസേനകൾ. 45 മിസൈൽ ലോഞ്ചറുകൾ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കരസേന വാങ്ങും. അറബിക്കടലിൽ എല്ലാ തയ്യാറെടുപ്പും പൂർത്ത പടക്കപ്പലുകളുടെ ചിത്രം നാവികസേന പുറത്തുവിട്ടു. ഗംഗാ അതിവേഗപാതയിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ഇന്ത്യയുടെ പാകിസ്ഥാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കരസേന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്. ശത്രുരാജ്യങ്ങളുടെ വിമാനങ്ങൾ, ഹെലികോപ്ടറുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കുന്നതിനായുള്ള ഹ്രസ്യ ദൂര പ്രതിരോധ സംവിധാനങ്ങളാണ് വാങ്ങുന്നത്. 48 ലോഞ്ചറുകൾ, 85 മിസൈലുകൾ, ഉൾപ്പെടുന്ന പ്രതിരോധ സംവിധാനങ്ങളാണ് കരസേനയുടെ ഭാഗമാകുക. കൂടാതെ പടക്കോപ്പുകൾ അതിർത്തിപ്രദേശത്തേക്ക് വിന്യസിച്ച് എന്തിനും തയ്യാറാണെന്ന സന്ദേശവും സേന നൽകികഴിഞ്ഞു. പാക് സൈന്യത്തിൽ നിന്നും എന്തെങ്കിലും നീക്കമുണ്ടായാൽ കനത്ത തിരിച്ചടിയ്ക്കാണ് നിർദ്ദേശം.