ആഗോള വിപണികളിൽനിന്നുള്ള അനുകൂല സാഹചര്യം നേട്ടമാക്കി ഇന്ത്യൻ വിപണി. മാസത്തിന്റെ അവസാന ദിനത്തിൽ സൂചിക 17,900 കടന്നു. സെൻസെക്സ് 511 പോയന്റ് ഉയർന്ന് 60,471ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തിൽ 17,934ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
മാതൃവിപണിയായ യുഎസിൽനിന്നുള്ള അനുകൂല സൂചനകളാണ് വിപണിക്ക് കരുത്തായത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ കുറയുന്നതും സമ്പദ്ഘടനയുടെ മുന്നേറ്റവും മാന്ദ്യഭീതി അകറ്റിയേക്കുമെന്ന പ്രതീക്ഷയുമൊക്കെയാണ് വിപണിയിൽ പ്രതിഫലിച്ചത്. വിദേശ നിക്ഷേപകർ തിരിച്ചുവരുന്നതിന്റെ സൂചനയും സൂചികകൾ നേട്ടമാക്കി.
ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, എസ്ബിഐ, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ടിസിഎസ്, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.
*********
ഇന്ന് ഓസീസ്-ഏഷ്യൻ വിപണികളും നേട്ടത്തിലാണ്. ഓസ്ട്രേലിയൻ വിപണി ഒരു ശതമാനം നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കൈ തുടക്കത്തിൽ ഒന്നേകാൽ ശതമാനം കയറി. ചൈനീസ് വിപണി കഴിഞ്ഞ ദിവസത്തേതുപോലെ ഇന്നും താഴ്ചയിലാണ്. ഹാങ് സെങ് ഒരു ശതമാനവും ഷാങ്ഹായ് സൂചിക 0.8 ശതമാനവും താഴ്ന്നു വ്യാപാരം തുടങ്ങി..
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി വലിയ നേട്ടത്തോടെ18,028 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,993 -ലേക്കു താഴ്ന്നിട്ട് 18,020 ലേക്കുയർന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ്.ഒരു ഡോളറിന് 82.40 രൂപയാണ് ഇപ്പോൾ വിനിമയ നിരക്ക്
ഒരു യുഎഇ ഡിർഹം – 22.44 രൂപ
ഒരു സൗദി റിയാൽ – 21.94 രൂപ
ഒരു ഒമാനി റിയാൽ – 213.70 രൂപ
ഒരു ബഹ്റൈനി ദിനാർ- 218.26 രൂപ
ഒരു കുവൈറ്റി ദിനാർ – 265.66 രൂപ
ഒരു ഖത്താരി റിയാൽ – 22.64 രൂപ
ഇങ്ങനെയാണ് ജിസിസി രാജ്യങ്ങളിലെ കറൻസികളുമായി ഇന്ത്യൻ രൂപയുടെ നിരക്ക്
ഇന്ത്യയിൽ സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 4660 രൂപയായി. ഒരു പവന് 120 രൂപ കുറഞ്ഞ് 37,280 രൂപയായി.
24 കാരറ്റ് സ്വർണം 1 ഗ്രാമിന് 16 രൂപ കുറഞ്ഞ് 5,084 രൂപയും ഒറു പവന് 128 രൂപ കുറഞ്ഞ് 40672 രൂപയും ആയി.
യുഎഇയിൽ 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 199.50 ദിർഹമാണ് വില.22 കാരറ്റിന് ഒരു ഗ്രാമിന് വില 187.25 ദിർഹമാണ് .
*************
സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് അടുത്ത തലത്തിലേക്കുയരാൻ കൈത്താങ്ങായി സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC) അവതരിപ്പിച്ച സ്കെയ്ൽ അപ് പദ്ധതിയിലൂടെ 50 ലക്ഷം രൂപ വരെ ലോൺ ലഭിക്കും.
ഏഴ് ശതമാനം പലിശ നിരക്കിൽ ലഭിക്കുന്ന ലോൺ തിരികെ അടയ്ക്കാൻ 3 വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത.
പ്രോഡക്റ്റ് ഡെവലപ്മെന്റ് പൂർത്തിയാക്കി മതിയായ ട്രാക്ഷനുള്ള ഇന്നവേറ്റീവ് ആയ സ്റ്റാർട്ടപ്പ് സംരംഭങ്ങളായിരിക്കണം.
വിപണിയിൽ ലോഞ്ച് ചെയ്ത വരുമാനം നേടിത്തുടങ്ങിയ സംരംഭമായിരിക്കണം.
രജിസ്റ്റേർഡ് കമ്പനിയായിരിക്കണം
തുടങ്ങിയവയാണ് സ്കെയ്ൽ അപ് പദ്ധതിയിലൂടെ വായ്പ ലഭിക്കാൻ സംരംഭങ്ങൾക്കുണ്ടായിരിക്കേണ്ട ചില മാനദണ്ഡങ്ങൾ :
**********
ഇലോൺ മസ്ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററിൽ നിർണായക മാറ്റങ്ങൾ വരുന്നതായി റിപ്പോർട്ട്. യൂസർ വെരിഫിക്കേഷൻ പ്രക്രിയകൾ നവീകരിക്കുമെന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിൽ ബ്ലൂ ടിക് ഉള്ള ആളുകളിൽനിന്ന് പ്രതിമാസം നിശ്ചിത തുക ഈടാക്കുന്നത് പരിഗണനയിലുണ്ടെന്നു ടെക്നോളജി ന്യൂസ്ലെറ്ററായ പ്ലാറ്റ്ഫോർമർ റിപ്പോർട്ടു ചെയ്തു.
പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനാണ് ബ്ലൂ ടിക് ഉപയോഗിക്കുന്നത്. പ്രതിമാസം 4.99 ഡോളർ നൽകി ഉപയോക്താക്കൾ ബ്ലൂ ടിക് വരിക്കാരാകണം. 90 ദിവസം സമയം നൽകിയിട്ടും പണം അടച്ചില്ലെങ്കിൽ അവരുടെ അക്കൗണ്ടുകളിൽനിന്ന് ബ്ലൂ ടിക് ബാഡ്ജുകൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
************
കേരളം വിടില്ലെന്ന് പ്രമുഖ എഡ്ടെക്ക് പ്ലാറ്റ്ഫോമായ ബൈജൂസ് (Byju’s- Think& Learn Pvt). കേരളത്തിൽ 600 പുതിയ നിയമനങ്ങൾ നടത്തുമെന്നും കമ്പനി വ്യക്തമാക്കി. തിരുവനന്തപുരത്തെ ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുന്നതിനെ തുടർന്ന്, കമ്പനി കേരളം വിടുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി ബൈജൂസ് എത്തിയത്.
ട്യൂഷൻ സെന്ററുകളും ഓഫീസുകളുമായി 14 കേന്ദ്രങ്ങളാണ് ബൈജൂസിന് കേരളത്തിലുള്ളത്. 3,000 ജീവനക്കാരും കമ്പനിക്ക് കേരളത്തിലുണ്ട്. സംസ്ഥാനത്ത് മൂന്ന് പുതിയ കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്നും ബൈജൂസ് വ്യക്തമാക്കി. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബൈജൂസ് തിരുവനന്തപുരം ടെക്നോപാർക്കിലെ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് ബംഗളൂരുവിലേക്ക് മാറാനാണ് ജൈബൂസ് ആവശ്യപ്പെട്ടത്. അല്ലാത്തവർക്ക് ജോലി നഷ്ടമാവും. കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ജീവനക്കാർ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നൽകിയിരുന്നു. 2023 മാർച്ചോടെ ലാഭത്തിലാവുക എന്ന ലക്ഷ്യത്തോടെയാണ് ബൈജൂസ് ചെലവുചുരുക്കൽ നടപടികൾ കടുപ്പിച്ചത്.
*****************
പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽവെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.
പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.