ബിജെപി കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറിയെന്ന് കെ സുരേന്ദ്രൻ

സാധാരണക്കാരന് ഏത് പദവിയിലും എത്താനാകുന്ന ഏക പാർട്ടിയാണ് ബിജെപിയെന്ന് സ്ഥാനമൊഴിഞ്ഞ ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മറ്റേത് പാർട്ടിയോടും കിടപിടിക്കാനാകും വിധം ബിജെപി കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിക്കുന്നന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വരുന്നത് കേരളം ഭരിക്കാനുള്ള ബിജെപിയുടെ ദശാബ്ദമാണ്. ആ ദശാബ്ദത്തിൽ പാർട്ടിയെ നയിക്കാനുള്ള ഭാഗ്യം രാജീവ് ചന്ദ്രശേഖറിന് ലഭിച്ചിരിക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചു വർഷം എല്ലാവരുടെയും പിന്തുണയോടെ ബിജെപി അധ്യക്ഷനായി പ്രവർത്തിക്കാൻ സാധിച്ചു. അനേകം മഹാരഥന്മാർ നേതാക്കളായിരുന്ന പാർട്ടിയിൽ എന്നെപോലെ സാധാരണക്കാരൻ അഞ്ചു വർഷം അധ്യക്ഷനായി ഇരുന്നു. സാധാരണക്കാരന് ഏത് പദവിയിലും എത്താനാകുന്ന ഏക പാർട്ടിയാണ് ബിജെപി. ജനപിന്തുണ വർധിപ്പിക്കാൻ നമ്മുടെ പൂർവികർ പരിശ്രമിച്ചു. മറ്റേത് പാർട്ടിയോട് കിടപിടിക്കാനാകും വിധം ബിജെപി കേരളത്തിൽ മാറി. കേരളം ബിജെപിക്ക് ബാലി കേറാ മലയാണെന്ന ധാരണ മാറി. അവസാനിപ്പിക്കാൻ പറ്റാത്ത ശക്തിയായി നമ്മൾ മാറി. ബിജെപിയുടെ വളർച്ച സിപിഎം സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്തു. രാജീവ്‌ പുതിയ അധ്യക്ഷനായി വരുമ്പോൾ അദ്ദേഹത്തിന് ദൈനംദിന പ്രവർത്തകനാണോയെന്ന് പലരും ചോദിച്ചു. അദ്ദേഹത്തിന് അത് സാധിക്കുമെന്ന് ഒരുവർഷം തിരുവനന്തപുരത്ത് പ്രവർത്തിച്ചു കാണിച്ചുവെന്നും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം ആളുകളെ കൊണ്ട് മാറ്റി പറയിച്ചുവെന്നും പുതിയ മാറ്റത്തിന്റെ കടിഞ്ഞാൺ കൈമാറുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹിന്ദുക്കളുടെ പാർട്ടി എന്നാണ് ബിജെപിയെ വിമർശിക്കുന്നത്. അല്ല, എല്ലാവരുടെയും പാർട്ടിയാണ് ബിജെപി. മൂന്ന് മുന്നണികളുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ മുന്നണി നയിക്കുന്നത് ശ്രമകരമായ ജോലിയാണ്. കൈ നനയാതെ മീൻ പിടിക്കണം എന്ന ചിന്തയുള്ള പ്രതിപക്ഷമാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപിയെ സ്വാധീനിക്കാൻ യുഡിഎഫ് ശ്രമം നടത്തി. പക്ഷെ യുഡിഎഫ്- എൽഡിഎഫ് സഹകരണം വേണ്ടെന്ന് വെച്ചുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *