ബംഗാളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. ജംഗിപൂരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധറാലിയാണ് അക്രമത്തിലേക്ക് എത്തിയത്. പ്രതിഷേധക്കാർ ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു.

പോലീസ് വാഹനങ്ങളും പാസഞ്ചർ ബസുകളും കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാർ ട്രാക്കുകൾ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. അതേസമയം ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുതിയിലും സംസർഗഞ്ചിലും പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതിനെ തുര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു.

തൃണമൂൽ കോൺഗ്രസിന്റെ ഒരു പ്രാദേശിക ഓഫീസ് പ്രക്ഷോഭകർ അടിച്ചു തകർത്തതായും പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.

അതേസമയം ജാംഗിപൂരിലെ സുതി, സംസർഗഞ്ച് പ്രദേശങ്ങളിലെ സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും ദേശീയപാതയിലെ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ബംഗാള്‍ പോലീസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *