ഷൈൻ ടോം ചാക്കോ വിവാദത്തില്‍ ഫെഫ്‍കെയ്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം ചേമ്പര്‍ രംഗത്ത് വന്നു. ഷൈൻ ടോം ചാക്കോയെ വിളിച്ചു വരുത്താൻ ഫെഫ്‍ക ആരാണെന്ന് ചേമ്പർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ചോദിച്ചു. ഫെഫ്‍ക എട്ടുകാലി മമ്മൂഞ്ഞാവുകയാണ്. തെളിവെടുപ്പിനിടെ ഫെഫ്‍കെ നടത്തിയ ഇടപെടൽ ദുരൂഹമാണ്. ഞങ്ങൾ ആണ് എല്ലാം എന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് ഫെഫ്‍ക നടത്തുന്നത്. അത് അനുവദിക്കില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു.
അതിനിടെ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. ഇന്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകി. ബോധപൂർവം തെറ്റ് ചെയ്‍തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തു. പൊലീസിൽ പരാതി നൽകാൻ ഇല്ല എന്ന നിലപാട് ഇന്റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു. ഇതോടെ, ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ആലോചന. തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് ഫിലിം ചേംബറും അമ്മയും.