പേവിഷബാധയേറ്റ് മരിച്ച കൊല്ലത്തെ നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. പൊതുദര്‍ശനത്തിന് വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാനാണ് കൊണ്ടുവന്നത്. അതേസമയം കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു. തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു നിയ മരിച്ചത്.
ഏപ്രില്‍ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്എടിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. തന്റെ കൺമുന്നിൽവെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് പറയുന്നു.
അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാൻ വന്ന പട്ടിയാണ് തന്റെ കുഞ്ഞിനെ കടിച്ചുകീറിയതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. താൻ ഓടിച്ചുവിട്ട പട്ടി തന്റെ കൺമുന്നിൽവെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്. അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു,ദേ അവളെ ഇപ്പോള്‍ കൊണ്ടുപോയി. ഇനി തനിക്ക് കാണാന്‍ പറ്റില്ല. ഇനിയും പട്ടികളെ വളര്‍ത്ത്.. എന്നാണ് കണ്ണീരോടെ നിയയുടെ മാതാവ് പറഞ്ഞത്. ഈ ഒരു അവസ്ഥ ആർക്കും വരരുതെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.
നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി തെരുവ് നായ വന്നപ്പോൾ അതിനെ ഓടിക്കാൻ നോക്കി. ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു. കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായയുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.ഉടൻ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടൻ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്‌സിൻ എടുക്കുകയും ചെയ്തിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.