സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വി.എസ്.അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയുടെ കരുത്തായ വിഎസ് ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകുമെന്നു പാർട്ടിപത്രത്തിലെ അഭിമുഖത്തിൽ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ‘ഏറ്റവും സമുന്നത നേതാവായ വിഎസ് ഇപ്പോൾ കിടപ്പിലാണ്. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും ഒഴിഞ്ഞവരിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളുമുണ്ട്. 75 വയസ് പിന്നിട്ട അവർ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞെങ്കിലും പാർട്ടി കോൺഗ്രസ് വരെ കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്.
പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞ ശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വിഎസ് ആണ്. പാർട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകും’’– എം.വി.ഗോവിന്ദൻ അഭിമുഖത്തിൽ പറഞ്ഞു.