പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് കൈമാറിയത്

പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവ്. ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം 11 കേസുകൾ, ഇടുക്കി 11, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്ന കേസുകൾ. പോലീസ് സ്റ്റേഷനുകളിൽ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവയാണ് ഇവ.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന നിർദേശവും ഡിജിപിയുടെ ഉത്തരവിലുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് നിർദേശം നൽകിക്കൊണ്ടാണ് ഡിജിപിയുടെ ഉത്തരവ്. സംഘത്തിൽ ആരൊക്കെ ഉണ്ടാകും എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാകും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപവത്കരിക്കുക എന്നും വിവരമുണ്ട്.

കേസിലെ ഒന്നാം പ്രതി സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാറും രണ്ടാം പ്രതി നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണനുമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുനമ്പം അന്വേഷണ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മൂന്നാംപ്രതിയാക്കിയിരുന്നു. ആനന്ദകുമാര്‍ ഒളിവിലാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *