പാക് സൈനികൻ രാജസ്ഥാനിൽ പിടിയിലായതായി റിപ്പോർട്ട്

ബി.എസ്.എഫ് ജവാൻ പാക് പിടിയിലായി ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും മോചിപ്പിക്കാനുള്ള നീക്കങ്ങൾ വിജയം കാണാത്തതിനിടെ രാജസ്ഥാനിൽ പാക് സൈനികനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇന്ത്യൻ ഭാഗത്തേക്ക് കടയ്ക്കാൻ ശ്രമിക്കവേയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പഹൽഗാം ഭീകരാക്രമണം ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം കൂടുതൽ വഷളാക്കുകയും യുദ്ധത്തോളമെത്തുകയും ചെയ്ത സാഹചര്യത്തിലാണ് സ്ഥിതി സ്ഫോടനാത്മകമാക്കി പാകിസ്താനി റേഞ്ചറെ രാജസ്ഥാൻ അതിർത്തിയിൽ വെച്ച് ബി.എസ്.എഫ് പിടികൂടിയത്. ഏപ്രിൽ 23ന് പഞ്ചാബ് അതിർത്തിയിൽ വെച്ചാണ് ബി.എസ്.എഫ് ജവാൻ പൂർണം കുമാർ ഷായെ പാക് പിടിയിലായിരുന്നത്. വിട്ടുകിട്ടാൻ സമ്മർദം ശക്തമാക്കിയെങ്കിലും പാകിസ്താൻ വഴങ്ങിയിരുന്നില്ല.

അതേ സമയം, പാകിസ്ഥാൻ കപ്പലുകളും ഉൽപ്പന്നങ്ങളും ഇന്ത്യയിലെത്തുന്നത് തടയുന്നതടക്കം കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ഇന്ത്യ. ബാലിസ്റ്റിസ് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ വിരട്ടാൻ നോക്കിയതിന് പിന്നാലെയാണ് ഇന്ത്യ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചത്. ഭീകരരെ സംരക്ഷിക്കുന്നവർക്ക് കടുത്ത തിരിച്ചടി നല്കുമെന്ന് നരേന്ദ്ര മോദി ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *