പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്ഥിതി രൂക്ഷമായി തുടരുന്നു

വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്ഥിതി രൂക്ഷമായി തുടരുന്നു. പ്രദേശത്തേക്ക് കൂടുതൽ അർദ്ധ സൈനികരെ അയക്കാൻ കേന്ദ്രം നടപടി തുടങ്ങി. മുർഷിദാബാദിലേക്ക് കൂടുതൽ സേനയെ അയക്കാൻ തയ്യാറെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടർ സാഹചര്യം നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ചു കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ.

അതേസമയം വഖഫ് ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്നും മമത പറഞ്ഞു. മുർഷിദാബാദ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മമതയുടെ പ്രതികരണം. പലരും എതിർക്കുന്ന നിയമം ഞങ്ങൾ ഉണ്ടാക്കിയതല്ലെന്നും കേന്ദ്ര സർക്കാരാണ് അതിനുത്തരവാദിയെന്നും മമത പറഞ്ഞു. മാത്രമല്ല കലാപകാരികളുടെ പ്രേരണക്ക് വഴങ്ങരുതെന്നും പശ്ചിമ ബംഗാളിൽ ഇത് നടപ്പാക്കില്ല എന്നും മമത കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *