ഡാലസ് : മദ്യപിച്ച് ദിശമാറി ഓടിച്ച വാഹനമിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒക്ടോബർ 11 രാത്രി 11.45നു ഡാലസ് ഹൈവേയിലാണ് അപകടം ഉണ്ടായത്.പൊലീസ് ഉദ്യോഗസ്ഥൻ ജേക്കബ് ആർലാനൊ സഞ്ചരിച്ചിരുന്ന എസ്യുവിയിൽ തെറ്റായ ദിശയിൽ വരികയായിരുന്ന കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കാർ നിയന്ത്രണം വിട്ടു റോഡിൽ നിന്നു തെന്നിമാറി മറ്റൊരു പാതയിൽ വരികയായിരുന്ന ട്രെയ്ലർ ട്രാക്ടറിൽ ഇടിക്കുകയായിരുന്നു . എസ്യുവി നിരവധി തവണ കരണം മറിഞ്ഞു,ഹൈവേ ഷോൾഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ലോക്കൽ പൊലീസ് സംഭവ സ്ഥലത്തെത്തി ജേക്കബ് ആർലാനൊയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇടിച്ച വാഹനത്തിലെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇയാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. ട്രാക്ടർ ടെയ്ലറിലെ ഡ്രൈവർക്ക് അപകടമൊന്നും സംഭവിച്ചില്ല.