സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ദിവ്യക്ക് സൈകോഫാൻസിയാണെന്നും അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതെന്നും കുര്യൻ പറഞ്ഞു. വിമർശിക്കുമ്പോൾ ദിവ്യ എസ്. അയ്യർ ധാർഷ്ട്യം കാണിക്കുന്നു. ഭരണപക്ഷത്തിന്‍റെ ആളായി മുദ്രകുത്തപ്പെട്ടാൽ കിട്ടുന്ന ഗുണം പ്രതീക്ഷിച്ചാണോ ദിവ്യയുടെ പോസ്റ്റ് എന്ന് പി.ജെ. കുര്യൻ ചോദിച്ചു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ എന്ന നിലയിൽ പരിമിതികളുണ്ട്. ദിവ്യയുടെ അഭിപ്രായം ഒരു പൊതുയിടത്തിലാക്കി. അതിനർഥം വിമർശന വിധേയമാണെന്നാണ്. വിമർശിക്കുന്നവരെ കുറിച്ച് പറഞ്ഞിട്ടുള്ളത് ചിലമ്പുകയും പുലമ്പുകയുമാണെന്ന്. അത് ധാർഷ്ട്യത്തിന്‍റെ ഭാഷല്ലേ?.
കുടുംബത്തിലെ അംഗത്തെയാണ് പ്രശംസിച്ചതെന്ന് ദിവ്യ പറയുന്നു. അപ്പോൾ ഏതാണ് കുടുംബം. ഭരണ വർഗമാണോ കുടുംബം. എന്തൊരു വികലമായ കാഴ്ചപ്പാടാണിത്. വ്യക്തിപരമായ വിധേയത്വം പാടില്ല. ഇത് സൈകോ ഫാൻസിയാണ്. അധികാരത്തിൽ ഇരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് പുകഴ്ത്തിയത്. അതിനായി പല തവണ പറഞ്ഞു. ഇപ്പോൾ അധികാരത്തിലിരിക്കുന്നവർ അവരെ ചേർത്തുപിടിച്ച് സംസാരിക്കുന്നു. അതിൽ ഒരു വിഭജനം ഉണ്ടായിരിക്കുന്നു. ഭരണപക്ഷത്തിന്‍റെയോ ഇടതുപക്ഷത്തിന്‍റെയോ ആളായി അവർ മുദ്രകുത്തപ്പെട്ടു. അതിന് അവർക്ക് ചില നേട്ടം ലഭിക്കും. ആ നേട്ടം കണ്ടുകൊണ്ടാണോ ഇത് ചെയ്തതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഒരിക്കലും അത്തരം നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗമാണെന്നും പി.ജെ. കുര്യൻ വിമർശിച്ചു.