ഇന്ത്യയെ ഒരു കരാറിലേക്ക് തള്ളിവിടുകയോ സമ്മർദത്തിന് വഴങ്ങി തീരുമാനങ്ങൾ എടുക്കുകയോ ചെയ്യില്ലെന്നും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതിന് പിന്നാലെയാണ് ഗോയലിന്റെ പ്രസ്താവന. വ്യാപാര കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്.
തോക്കിൻ മുനയിൽ ഞങ്ങൾ ചർച്ചകൾ നടത്തുന്നില്ലെന്ന് മുമ്പ് നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നാണ് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിയൂഷ് ഗോയൽ പറഞ്ഞത്.
മാർച്ച് 26 മുതൽ 29 വരെ ന്യൂഡൽഹിയിലാണ് ആദ്യഘട്ട ചർച്ചകൾ നടന്നത്. അസിസ്റ്റന്റ് യുഎസ് ട്രേഡ് പ്രതിനിധി ബ്രെൻഡൻ ലിഞ്ചും ഇന്ത്യയുടെ അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാളുമാണ് ചർച്ചക്ക് നേതൃത്വം നൽകിയത്. ചർച്ചകൾ സൗഹാർദപരമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. സെപ്റ്റംബറോടെ ആദ്യഘട്ട കരാറിലെത്തുമെന്ന പ്രത്യാശയും ഇവർ പങ്കുവച്ചു. ചർച്ചകൾ എത്രയും വേഗം അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 16 ശതമാനം പകരച്ചുങ്കമാണ് അമേരിക്ക ഏർപ്പെടുത്തിയിരുന്നത്. ഇതാണ് കഴിഞ്ഞദിവസം 2025 ജൂലൈ ഒമ്പത് വരെ മരവിപ്പിച്ചിട്ടുള്ളത്. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ 10 ശതമാനമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറക്കുകയായിരുന്നു.