ഇടുക്കി തൊടുപുഴ ബിജു വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രവിത്താനം സ്വദേശി എബിനാണ് അറസ്റ്റിലായിരിക്കുന്നത്. ഒന്നാം പ്രതി ജോമോന്‍റെ അടുത്ത ബന്ധുവാണ് എബിൻ. എബിനോടാണ് കുറ്റകൃത്യം നടപ്പാക്കിയെന്ന് പ്രതി ജോമോൻ ആദ്യം അറിയിച്ചത്. അതേസമയം ഒന്നാം പ്രതി ജോമോൻ്റെ ഭാര്യയുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എറണാകുളത്ത് വെച്ച് ഗൂഡാലോചന നടത്തിയ പ്രതികൾ കൃത്യത്തിന് മുമ്പ് പ്രത്യേക പൂജയും നടത്തി. ദൃശ്യം-4 നടപ്പാക്കിയെന്ന് പറഞ്ഞ ഒന്നാം പ്രതി ജോമോന്റെ ശബ്ദ പരിശോധനയും പോലീസ് നടത്തി.
മാർച്ച് 20 നാണ് തൊടുപുഴ ചുങ്കം സ്വദേശി ബിജുവിനെ ബിസിനസ് പങ്കാളി ജോമോനും കൂട്ടുപ്രതികളായ ആഷിഖ് ജോൺസൺ, മുഹമ്മദ് അസ്‍ലം, ജോമിൻ കുര്യൻ എന്നിവർ ചേർന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. 15-ാം തിയതി വൈപ്പിനിലെ ബാറിലും നെട്ടൂരിലെ ലോഡ്ജിലും വെച്ച് പ്രതികൾ ഗൂഡാലോചന നടത്തിയെന്നും പറവൂരിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയെന്നുമാണ് പോലീസിൻ്റെ കണ്ടെത്തൽ.