തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ യൂട്യൂബ് ചാനലിൽ വിഡിയോ പങ്കുവെച്ചു എന്നാരോപിച്ച് മുതിർന്ന മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകയായ രേവതി പൊഗദാദന്തയെയാണ് അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിക്കെതിരെ പൾസ് ന്യൂസ് ബ്രേക്ക് എന്ന യൂട്യൂബ് ചാനലിൽ രേവതി വിഡിയോ പങ്കുവെച്ചതാണ് അറസ്റ്റിന് കാരണം. ഈ യൂട്യൂബ് ചാനലിന്റെ ഓഫിസ് പൊലീസ് സീൽ ചെയ്യുകയും ചെയ്യുകയും ചെയ്തു. രേവതിയുടെയും ഭർത്താവ് ചൈതന്യയുടെയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. പുലർച്ചെ നാലോടെ വീട്ടിലെത്തിയാണ് പൊലീസ് രേവതിയെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോയും രേവതി പങ്കുവെച്ചിരുന്നു.
യൂട്യൂബ് വിഡിയോയിൽ അഭിമുഖത്തിനിടെ കർഷകനായ പ്രായമുള്ള മനുഷ്യൻ തെലങ്കാന മുഖ്യമന്ത്രിക്കും കോൺഗ്രസ് സർക്കാറിനും എതിരെ പറയുന്നതാണ് വിഡിയോയിൽ ഉള്ളത്. വിഡിയോ എക്സിൽ പങ്കുവെച്ച രേവന്ത് റെഡ്ഡി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് വിഡിയോ പോസ്റ്റ് ചെയ്ത എക്സ് യൂസർക്കും മറ്റുള്ളവർക്കുമെതിരെ പൊലീസ് കേസെടുത്തത്. പുലർച്ചെ മഫ്ടിയിലെത്തിയ പൊലീസുകാരാണ് രേവതിയെ കസ്റ്റഡിയിലെടുത്തത്. രേവതിയുടെ സഹപ്രവർത്തക തൻവി യാദവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.