തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട്ക്കൊലയിലെ പ്രതിയായ അഫാനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മാതാവ് ഷെമി. പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന ഷെമിയെ കാണാനെത്തിയ ബന്ധുക്കളോടാണ് മകനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്. പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന ഷെമിയുടെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. നാളെ വീണ്ടും ഷെമിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ശനിയാഴ്ച അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ചിരുന്നു. ഷെമിക്ക് ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്.
അതേസമയം, അഫാനെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പിതാവ് അബ്ദുൽ റഹീം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് കിളിമാനൂർ പൊലീസിനോട് റഹീം ആവശ്യപ്പെട്ടു.
23കാരനായ അഫാൻ സ്വന്തം സഹോദരനും പ്രായമായ മുത്തശ്ശിയും അടക്കം അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. 13 വയസുള്ള അനുജൻ അഫ്സാൻ, പിതാവിന്‍റെ മാതാവ് 88കാരിയായ സൽമ ബീവി എന്നിവരെയും അഫാന്‍റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് ഫർസാന (19) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.