തഹാവൂര്‍ റാണ കേരളത്തിൽ എത്തിയതിൽ വിശദമായ അന്വേഷണം

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയാണ് റാണയുടെ ദക്ഷിണേന്ത്യന്‍ ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് കേരളത്തിലെത്തിയത് സംബന്ധിച്ചും ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുന്നതെന്ന റിപ്പോർട്ടുകൾ വരുന്നത്. നിലവില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഐബിയും റാണയെ ചോദ്യംചെയ്യുന്നുണ്ട്.

2008-ലെ ബെംഗളൂരു സ്‌ഫോടനത്തിലും കേരളത്തില്‍നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തകേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കാനാണ് ഏജന്‍സികളുടെ തീരുമാനം. 2008 നവംബര്‍ 16-നാണ് തഹാവൂര്‍ റാണ കേരളത്തിലെത്തിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാര്യയ്‌ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. കൊച്ചിയില്‍ താമസിച്ചവേളയില്‍ 13 ഫോണ്‍നമ്പറുകളിലാണ് റാണ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നെങ്കിലും ആ നമ്പറുകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. നിലവില്‍ റാണ കസ്റ്റഡിയിലുള്ളതിനാല്‍ ഈ നമ്പറുകളെക്കുറിച്ചും കേരളത്തിലെ സന്ദര്‍ശനത്തെക്കുറിച്ചും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനുമാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.

2007-08 കാലഘട്ടത്തില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധം, അക്കാലത്ത് ഗള്‍ഫില്‍ ഐഎസ്‌ഐ ചുമതലയുണ്ടായിരുന്ന പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥനുമായുള്ള ബന്ധം എന്നിവയും അന്വേഷണപരിധിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *