ചോദ്യപേപ്പർ ചോർച്ച കേസിൽ‌ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ജാമ്യം

ചോദ്യപേപ്പർ ചോർന്ന കേസിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഷുഹൈബിന് ജാമ്യം അനുവദിച്ചത്. നേരത്തെ റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി ഷുഹൈബിൻ്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്തുകൊണ്ട് താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ചോർത്തിക്കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങള്‍ നല്‍കിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഫഹദ് എന്ന അധ്യാപകന്‍ മുഖേനയാണ് ചോദ്യം എംഎസ് സൊലൂഷ്യന്‍സിലെത്തിയത്. മേല്‍മുറിയിലെ ഒരു സ്വകാര്യ ഹയർസെക്കന്‍ഡറി സ്കൂളില്‍ നിന്ന് ചോദ്യപേപ്പർ ചോർത്തി നല്‍കിയ പ്യൂണ്‍ അബ്ദുല്‍ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വണ്‍ സയന്‍സിന്റെ നാലു വിഷയങ്ങളാണ് ചോർത്തി നൽകിയത്. മുന്‍വർഷങ്ങളിലും ചോദ്യങ്ങള്‍ ചോർത്തിയതായും നാസർ മൊഴി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *