ഇടുക്കി വണ്ടിപ്പരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കി ദൗത്യസംഘം. നിലവിൽ മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചിരിക്കുകയാണ്. ഇവിടെവച്ച് ചികിത്സ നൽകാനാണ് തീരുമാനം. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ കടുവ ശ്രമം നടത്തിയതായും അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ തന്നെ കടുവയെ മയക്കുവെടി വെക്കാനുള്ള സംഘം ഇവിടെ എത്തിയിരുന്നു. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. രണ്ടുദിവസമായി കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം നടത്തുകയായിരുന്നു.
ഇന്നലെ നടത്തിയ പരിശോധനയിൽ, കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയതായി തിരിച്ചറിഞ്ഞു. തുടർന്ന് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഇന്നലെ ഏറെ വൈകിയും വനപാലകർ തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനാകാതെവന്നതോടെ മയക്കുവെടിവെക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെതന്നെ വനംവകുപ്പ് സംഘം സ്ഥലത്തേക്ക് എത്തിയശേഷം മയക്കുവെടി വെയ്ക്കുകയായിരുന്നു. ഡ്രോൺ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ.